ന്യൂഡല്‍ഹി : കഴിഞ്ഞ 3 വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 57 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇതുവരെ 2 കോടി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക്‌സഭയിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി കരിയംകാപ്പ്, കൊട്ടിയൂര്‍ റേഞ്ചില്‍ വളയംചാല്‍ മുതല്‍ 10.25 കിലോമീറ്റര്‍ എലിഫന്റ് പ്രൂഫ് ഭിത്തിയുടെ നിര്‍മ്മാണവും തളിപ്പറമ്പ് റേഞ്ചില്‍ 38.36 കിലോമീറ്ററിലും 69.5 കി.മീറ്ററും കണ്ണവം റേഞ്ചില്‍ 3.00 കി.മീ പരിധിയില്‍ കൊട്ടിയൂരും സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കലും പൂര്‍ത്തിയായി. വിയറ്റ്നാം കോളനി മുതല്‍ നിളായി വരെ 3 കി.മീ എലിഫന്റ് പ്രൂഫ് ട്രഞ്ചിന്റെ നിര്‍മ്മാണവും പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തിയില്‍ 11.5 കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. കൂടാതെ കാട്ടാന ശല്യം നിയന്ത്രിക്കലും വന്യജീവി പരിപാലനവും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.