കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 15 പ്രതികള്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന വ്യവസ്ഥ. യുഎപിഎ കേസില്‍ സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് കോടതി ജാമ്യം അനുവദിച്ചത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്‌എസ് നേതാവ് കെ.മനോജിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍നിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകരാണു കേസിലെ പ്രതികള്‍.
കേസില്‍ ഇരുപത്തഞ്ചാം പ്രതിയായ പി.ജയരാജന്‍ അടക്കമുള്ളവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി രണ്ട് മാസം മുമ്പ് ഉത്തരവിട്ടിരുന്നു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെന്നാണ് കുറ്റപത്രത്തിലുളളത്. ജയരാജനെ ആക്രമിച്ചതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിലൂടെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
ഒന്നാം പ്രതി വിക്രമനുമായി ചേര്‍ന്ന് ജയരാജന്‍ ഗൂഢാലോചന നടത്തി. വിക്രമനാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതും കൊല നടത്താനായി സംഘത്തെ സ്ഥലത്തെത്തിച്ചതും. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ജയരാജനാണ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജയരാജന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.