ഇടുക്കി : കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.
കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.
കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.