തിരുവല്ല : ഉത്രശ്രീബലി ഉത്സവത്തിനോട് അനുബന്ധിച്ച് കാവുംഭാഗം കരുനാട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ കാവിൽവേല ഇന്ന് നടക്കും. വൈകിട്ട് 6.45-ന് തുടങ്ങും. പടപ്പാട് ഭഗവതി ജീവതയിൽ കരുനാട്ടുകാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് കാവിൽ പടപ്പാട് ഭഗവതിമാർ കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വൈകിട്ട് എട്ടിന് ആലംതുരുത്തി ഭഗവതിക്ക് സ്വീകരണം. 8.15-ന് കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാരെ ഏറങ്കാവ് ക്ഷേത്രത്തിൽനിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി കാവിൽ നഗരിയിലേക്ക് ആനയിക്കും.
തിരുവല്ല രാധാകൃഷ്ണൻ പഞ്ചവാദ്യം നയിക്കും. തുടർന്ന് അഭിമുഖമായി എഴുന്നള്ളി നിൽക്കുന്ന മൂന്നു ഭഗവതിമാർക്കുമായി ഒരേസമയം ദീപാരാധന നടക്കും. കാവിൽ, പടപ്പാട് ഭഗവതിമാർ കരുനാട്ടുകാവ് ക്ഷേത്രമൈതാനിയിലും ആലംതുരുത്തി ഭഗവതി അഞ്ചൽകുറ്റി ജങ്ഷനിലും ജീവത കളിക്കും. ഒമ്പതിന് ക്ഷേത്രമൈതാനിയിൽ സേവയും മേളവും നടക്കും. 9.30-ന് പടപ്പാട് ഭഗവതിയെ യാത്രയാക്കി കരുനാട്ടുകാവ് ദേവിയെ അകത്തെഴുന്നള്ളിക്കും. തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, മേൽശാന്തി ശരത് പരമേശ്വർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.