കവിയൂർ : ഓണക്കാല വിപണിയിലേക്ക് വേണ്ടുന്ന പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഒൻപത് പഞ്ചായത്ത് കൈമാറിയ നേട്ടവുമായി കവിയൂർ പഞ്ചായത്ത്. പത്തംതിട്ടയിലെ അഞ്ചും ആലപ്പുഴയിലെ നാലും പഞ്ചായത്തുകൾക്കാണ് വിവിധയിനം പച്ചക്കറികൾ നൽകിയത്. ഓണക്കാലത്തെ വിളവെടുപ്പ് ലക്ഷ്യമാക്കി പഞ്ചായത്തും കൃഷിഭവനും ചേർന്ന് വനിതാ കൂട്ടായ്മയിലും പരമ്പരാഗത കർഷകരെയും പങ്കെടുപ്പിച്ചായിരുന്നു കൃഷി. ആദ്യവിളെടുപ്പിൽ ഏത്തക്കായ് 1500 കിലോ, മത്തങ്ങ 260കിലോ, പയർ 140 കിലോ, വഴുതനങ്ങ 260 കിലോ, വെണ്ടയ്ക്ക 260 കിലോ, പാവയ്ക്ക 112 കിലോ, ചേന 200കിലോ, വെള്ളരി 180 കിലോ എന്ന കണക്കിന് ലഭിച്ചു.
ആറുപേർ അടങ്ങുന്ന എട്ടു ഗ്രൂപ്പുകൾ നടത്തിയ കൃഷിയിടത്തെ വിളവാണിത്. അതിന് പുറമേ സ്വന്തമായി കൃഷി നടത്തുന്ന കർഷകരുടെ വിളകളും വരുന്നുണ്ട്. 70 ദിവസം മുന്നേ തുടങ്ങിയ കൃഷിയിലൂടെ ആദ്യദിനത്തിൽ 2,912 കിലോ വിളവെടുപ്പ് ലഭിച്ചതായി കൃഷി ഓഫീസർ സന്ദീപ് കുമാർ അറിയിച്ചു. കവിയൂരിലെ ഓണവിപണികൾ മുഖേനയുള്ള പച്ചക്കറി വിൽപ്പനയും തുടങ്ങി. പഞ്ചായത്തംഗങ്ങളായ എം.വി. തോമസ്, സി.എൻ. അച്ചു, റേച്ചൽ വി.മാത്യുവും എന്നിവരും എത്തവാഴ, ചേന, വെണ്ട, പയർ, എന്നിവ കൃഷി ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബന്ദിപ്പൂ കൃഷിയും വിജയിച്ചു. കർഷകഗ്രൂപ്പുകൾ കൃഷി ചെയ്തെടുത്ത ഓണച്ചന്തയിലേക്കുള്ള വിളകൾ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഏറ്റുവാങ്ങി.