പത്തനംതിട്ട : തിരുവല്ല നിയോജകമണ്ഡലത്തിലെ റോഡ് വികസനത്തില്‍ സുപ്രധാന നേട്ടമായി കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ്. തിരുവല്ല ബൈപ്പാസിനു പിന്നാലെ വളരെ പ്രധാന റോഡായ കാവുംഭാഗം ഇടിഞ്ഞില്ലം പൂര്‍ത്തിയായതോടെ ഗതാഗത രംഗത്ത് വലിയ വികസനമാണ് യാഥാര്‍ഥ്യമായത്.
ആറാം നമ്പര്‍ സംസ്ഥാന പാതയായ കായംകുളം – തിരുവല്ല റോഡിലെ കാവുംഭാഗം ജംഗ്ഷനേയും ഒന്നാം നമ്പര്‍ സംസ്ഥാന പാതയായ എംസി റോഡിലെ ഇടിഞ്ഞില്ലം ജംഗ്ഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പ്രധാന ജില്ലാ പാതയായ കാവുംഭാഗം ഇടിഞ്ഞില്ലം റോഡ്. ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് 2016-17 ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
അഞ്ചു കിലോമീറ്റര്‍ വരുന്ന കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.83 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചത്. ഈ റോഡിന് എട്ടു മുതല്‍ 10 മീറ്റര്‍ വരെ വീതിയാണ് ഉണ്ടായിരുന്നത്. നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുകയും റോഡ് വികസനത്തിന് ഭൂമി സൗജന്യമായി നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
റോഡിന്റെ ഇരുവശത്തുമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഈ അഭ്യര്‍ഥന നെഞ്ചിലേറ്റി. റോഡിന്റെ ഇരുവശത്തുമായി ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം വികസനത്തിനായി ജനങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയിരുന്നു. ഈ ഭാഗങ്ങളില്‍ മതില്‍ തിരികെ കെട്ടികൊടുക്കുന്ന പ്രവൃത്തിയും റോഡ് വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു.
അപ്പര്‍ കുട്ടനാട്ടിലെ പാട ശേഖരങ്ങളുടെ നടുവിലൂടെ കടന്നു പോകുന്ന ഈ റോഡ് 5.5 മീറ്റര്‍ വീതിയിലാണ് ഡിജിബിഎം ആന്‍ഡ് ബിസി ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2392 മീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. 150 മില്ലിമീറ്റര്‍ കനത്തില്‍ ജിഎസ്ബിയും 250 മില്ലിമീറ്റര്‍ കനത്തില്‍ ഡബ്ല്യുഎംഎമ്മും വിരിച്ച് റോഡ് പ്രതലം ഉയര്‍ത്തി 50 മില്ലിമീറ്റര്‍ ഡിജിബിഎമ്മും 30 മില്ലിമീറ്റര്‍ ബിസിയും ചെയ്തിട്ടുണ്ട്. 2800 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണത്തില്‍ ഷ്രെഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 4000 മീറ്റര്‍ നീളത്തില്‍ ഓട നിര്‍മിച്ചു.
റോഡിന്റെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ 1200 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണത്തില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡ്, റോഡ് സ്റ്റഡ്‌സ് എന്നിവയും സ്ഥാപിച്ചു. കൂടാതെ 30 മീറ്റര്‍ സ്പാനുള്ള ഇടിഞ്ഞില്ലം പാലം 11 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചു. ചങ്ങനാശേരി പാലത്ര കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് റോഡ് നിര്‍മാണം നടത്തിയത്.