റാന്നി: കാവുങ്കല്‍ പാറമടയുടെ പാരിസ്ഥിതികാനുമതി ചര്‍ച്ച ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടുത്ത പഞ്ചായത്തില്‍ യോഗം വിളിച്ചത് വിവാദമായി. വിഷയത്തില്‍ ബോര്‍ഡിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി പറഞ്ഞു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഹിയറിങ്ങിന് നിശ്ചയിച്ച സ്ഥലം പാറമട ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് വെച്ചൂച്ചിറ പഞ്ചായത്തിലേക്ക് മാറ്റിയതെന്നാണ് ആരോപണം. നാറാണംമൂഴി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ചെമ്പന്‍മുടിലാണ് കാവുങ്കല്‍ പാറമട സ്ഥിതി ചെയ്യുന്നത്. പാരിസ്ഥിതികാനുമതി നല്‍കുന്നതിന് മുന്നോടിയായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തേണ്ട ജനാഭിപ്രായ സര്‍വേ പ്രദേശവാസികള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പഞ്ചായത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നരവര്‍ഷം മുമ്പ് അടച്ചിട്ട ചെമ്പന്‍മുടിയിലെ പാറമടകളില്‍ ഒന്നിനുവേണ്ടിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം ബോര്‍ഡ് ജനാഭിപ്രായം തേടുന്നത്. നാറാണംമൂഴി പഞ്ചായത്തിലും അത്തിക്കയം വില്ലേജിലും ഉള്‍പ്പെട്ടതാണ് ചെമ്പന്‍മുടിയിലെ പാറമട. കൊല്ലമുള വില്ലേജില്‍പ്പെട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ മേയ് മൂന്നാംതീയതിയാണ് ഹിയറിങ് നിശ്ചയിച്ചത്. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് പൂട്ടിയിടേണ്ടിവന്ന ചെമ്പന്‍മുടിയിലെ തന്നെ മറ്റൊരു വിവാദ പാറമട ഉടമസ്ഥന്റെ സ്ഥാപനത്തിലാണ് യോഗം നിശ്ചയിച്ചത്. ഇത് ജനാഭിപ്രായത്തെ അതിജീവിക്കാനാണെന്നാണ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി പറയുന്നത്.
ചെമ്പന്‍മുടിയിലെ പാറമടകള്‍ മൂലം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗതാഗത സൗകര്യവും മറ്റും കുറവുള്ള മറ്റൊരു സ്ഥലത്തേക്ക് ഹിയറിങ് മാറ്റിയതിനെക്കുറിച്ച് ആവശ്യമായ നിയമനടപടികളെപ്പറ്റി ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.