തിരുവനന്തപുരം: കഴക്കൂട്ടം-പാരിപ്പള്ളി ദേശീയപാത 66ന്റെ നിര്‍മ്മാണം ജൂലൈ ആദ്യവാരം ആരംഭിക്കും. ഈമാസം 30ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തറക്കല്ലിടും. ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായി മറ്റ് ജില്ലകളിലൂടെ കടുപോകുന്ന എന്‍എച്ച്66, എന്‍എച്ച്544 സ്ട്രെച്ചുകളുടെ നിര്‍മാണോദ്ഘാടനം കൂടിയാണിത്.
കഴക്കൂട്ടം മുതല്‍ തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ പാരിപ്പള്ളി വരെയുള്ള എന്‍എച്ച്-66 ബൈപാസ് വികസിപ്പിക്കുതിനുള്ള എല്ലാ തടസ്സങ്ങളും നേരത്തെ നീങ്ങിയിരുന്നു. പദ്ധതിയുടെ ഭാഗമായി ബൈപ്പാസ് നിര്‍മിക്കുന്നതിന് ആറ്റിങ്ങല്‍ തിരുആറാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ 44 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള തടസങ്ങള്‍ ക്ഷേത്രഭാരവാഹികളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പരിഹരിച്ചത്. എന്നാല്‍ കാലാവസ്ഥ അനുവദിച്ചാല്‍ മാത്രമേ 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കൂ.
മഴ മാറിനിന്നാല്‍ ജൂലൈ ആദ്യവാരം പണി തുടങ്ങാനാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ)യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മണ്ണ് പരിശോധനയും സര്‍വേയും ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചില ഭൂവുടമകള്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ സ്വന്തമായി പൊളിച്ചുനീക്കാനും തുടങ്ങിയിട്ടുണ്ട്.
പൊളിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചുമാറ്റും. തുടര്‍ന്ന് വൈദ്യുത തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ബിഎസ്‌എന്‍എല്‍ കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ മാറ്റാന്‍ തുടങ്ങും. നാല് മേല്‍പ്പാലങ്ങള്‍, 36 കലുങ്കുകള്‍, ആറ് ചെറിയ പാലങ്ങള്‍, അഞ്ച് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, ആറ് ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, നാല് ചെറിയ വാഹന അടിപ്പാതകള്‍, ഏഴ് മീറ്റര്‍ വീതിയില്‍ 29 കിലോമീറ്റര്‍ സര്‍വീസ് റോഡ്, എിവയുണ്ടാകുമെന്ന് ദേശീയപാതാ വൃത്തങ്ങള്‍ അറിയിച്ചു. ആറ്റിങ്ങല്‍ ബൈപാസിന് 11.15 കിലോമീറ്റര്‍ നീളമുണ്ട്. നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷമാണ് പൂര്‍ത്തീകരണത്തിന്റെ ഏകദേശ കാലയളവ്.
11.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ്റിങ്ങല്‍ ബൈപാസ് നിര്‍മാണത്തിന് തിരുആറാട്ടു ക്ഷേത്രത്തിന്റെ 44 സെന്റ് ഏറ്റെടുക്കുന്നതിന് ദേശീയപാതാ അതോറിറ്റിയും ആര്‍ഡിഎസ് ലിമിറ്റഡും തമ്മിലുള്ള കരാര്‍ കരാര്‍ മെയ് 20ന് ഒപ്പുവച്ചു. 790 കോടി രൂപ ചെലവില്‍ ആര്‍ഡിഎസ് പ്രോജക്‌ട്‌സ് ലിമിറ്റഡിനാണ് റോഡിന്റെ വികസനത്തിനുള്ള കരാര്‍ നല്‍കിയത്. ആറുവരി ഗതാഗതം സുഗമമാക്കുന്നതിന് കഴക്കൂട്ടം-പാരിപ്പള്ളി പാത 45 മീറ്ററായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചതുപോലെ റോഡ് സുരക്ഷാ നടപടികള്‍ സ്ഥാപിക്കും.
റോഡ് വീതി കൂട്ടുന്നതോടെ, തിരക്കുള്ള സമയങ്ങളില്‍ 90 മുതല്‍ 105 മിനിറ്റ് വരെ എടുക്കുന്ന കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം 20 മുതല്‍ 30 മിനിറ്റ് വരെ കുറയും. മാമം ജംക്ഷനില്‍ നിന്ന് ദേശീയപാത തിരിഞ്ഞ് ബൈപ്പാസ് റോഡിലേക്ക് പോകുന്ന തരത്തിലാണ് കഴക്കൂട്ടം-പാരിപ്പള്ളി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അവിടെ നിന്ന് ദീര്‍ഘദൂര യാത്രക്കാര്‍ വലിയ ഗതാഗത തടസ്സമായ ആറ്റിങ്ങല്‍ ടൗണില്‍ പ്രവേശിക്കേണ്ടതില്ല. കല്ലമ്പലത്തിനടുത്ത് ആയംകോണത്ത് വീണ്ടും പ്രധാന റോഡില്‍ വന്നു ചേരുന്ന തരത്തിലാണ് റോഡ് നിര്‍മ്മാണം.