തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കഴക്കൂട്ടത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെന്ന് വിവരം. കോണ്‍ഗ്രസ് വിട്ടുവരുന്ന ഒരാള്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബി ജെ പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ശരത്ചന്ദ്ര പ്രസാദ് കടകംപളളി സുരേന്ദ്രനെതിരെ മത്സരിക്കാനിറങ്ങുമെന്നാണ് അഭ്യൂഹം.
കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുളള ഡോ എസ് എസ് ലാലാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. ആയതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ നല്ലൊരു ശതമാനം വോട്ടുകളും ശരത്ചന്ദ്ര പ്രസാദിന്റെ പെട്ടിയില്‍ വീഴുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസ് പട്ടിക വന്ന ശേഷം അസംതൃപ്‌തരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബി ജെ പിയിലേക്ക് വരുമെന്ന് ബി ജെ പി വൃത്തങ്ങള്‍ പറയുന്നു.
കഴക്കൂട്ടത്ത് മത്സരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന വി മുരളീധരന്‍ മത്സരിക്കേണ്ടയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെയാണ് പുതിയൊരാളെ കണ്ടെത്താനുളള തിരക്കിട്ട നീക്കം പാര്‍ട്ടിയില്‍ നടന്നത്. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനുളള നീക്കം നടന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍, കര്‍ണാടക എം എല്‍ എ സുനില്‍കുമാര്‍ കാര്‍ക്കളെ എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് പാര്‍ട്ടിയിലുളളവരെ വലയിട്ട് വീഴ്‌ത്താനായി വലിയൊരു സംഘമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ബി ജെ പിയിലെത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥിത്വവും പാര്‍ട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്.
ബി ജെ പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ വിജയന്‍ തോമസ്, പന്തളം പ്രതാപന്‍ എന്നിവരോട് ഇവര്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കന്മാരുമായും ആശയവിനിമയം നടക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ചെയ്ത രീതിയില്‍ മറ്റുകക്ഷികളില്‍ നിന്ന് പരമാവധി നേതാക്കന്മാരെ ബി ജെ പിയിലെത്തിക്കാനാണ് നീക്കം. ഇങ്ങനെയെത്തുന്നവര്‍ക്കായി ചില മണ്ഡലങ്ങള്‍ ബി ജെ പി. ഒഴിച്ചിടുമെന്നാണ് സൂചന. അടുത്തകാലത്ത് പി ജെ ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാവ് ബി ജെ പി. നേതൃത്വവുമായി രണ്ടുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആന്റണി രാജുവുമായി തെറ്റിനില്‍ക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച പുരോഗമിക്കുകയാണ്.
ബി ജെ പി സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ലയെന്നാണ് വിവരം.