പത്തനംതിട്ട : ശബരിമല ഉൾവനാന്തരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായ് കാഴ്ച.. നേത്രദാന സേന. ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം ലഭിച്ചത്. കാട്ടു തേൻ, കുന്തിരിക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. കൊറോണക്കാലമായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനോ വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സർക്കാരിന്റെ റേഷൻ അരി മാത്രമാണ് ലഭിച്ചിരുന്നത്. പ്രായമായവരും കൊച്ചു കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ഇവിടെ കഴിയുന്നത്.
കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും കേരള പി.എസ്.സി അംഗവുമായ റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തില്‍ സി.എസ് സുകുമാരൻ, രജിത്ത് രാജ്, പി.കെ കുഞ്ഞുമോൾ, അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ എന്നിവര്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായി ഇവരുടെ ഷെഡുകളിലെത്തി വിതരണം ചെയ്തു.
മരണ ശേഷം കണ്ണുകൾ ദാനമായി നൽകുന്നവരുടെ കൂട്ടായ്മയാണ് കാഴ്ച നേത്രദാനസേന. കാഴ്ചയിൽ അംഗങ്ങളായ 13 പേർ മരണമടയുകയും അതിലൂടെ 26 അന്ധരായ ആളുകൾക്ക് കാഴ്ച നൽകുവാനും കഴിഞ്ഞു. ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മജീഷ്യൻ സാമ്രാജ്, തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങി 5121 പേർ മരണ ശേഷം കണ്ണുകൾ ദാനമായി നൽകുവാൻ തയ്യാറായി കാഴ്ചയിൽ അംഗങ്ങളാണ്. മധുരൈ അരവിന്ദ് ആശുപത്രിയുടെ സഹകരണത്തോടെ എല്ലാം മാസവും ജില്ലയിലുടനീളം സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തി വരുന്നു. 8641 പേർക്ക് തിമിര ശസ്ത്രക്രിയയും, 76849 പേർക്ക് സൗജന്യ നേത്ര ചികിത്സയും നടത്തിയിട്ടുണ്ട്. കാഴ്ചയിൽ അംഗങ്ങളാകുവാൻ അംഗത്വ ഫീസോ, മാസ വരിയോ ഇല്ല. മരണ ശേഷം കണ്ണുകൾ ദാനമായി നൽകുവാൻ തയ്യാറാകുന്ന ഏതൊരു വ്യക്തിക്കും കാഴ്ചയിൽ അംഗങ്ങളാകാം.
http://www.kazcha.org എന്ന വെബ് സൈറ്റിലൂടെയും മരണശേഷം കണ്ണുകൾ ദാനമായി നൽകുവാനുള്ള സമ്മതപത്രം നൽകാം.