തിരുവനന്തപുരം : കിഫ്ബിയില്‍ അതിവിദഗ്‌ദ്ധയുടെ ബാഹുല്യമാണെന്നും കാര്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തി അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നും കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലാണ് അദ്ദേഹം കിഫ്ബിക്കെതിരെ ആരോപണമുന്നയിച്ചത്.
വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍മാരെ സ്വകാര്യ കോളേജില്‍നിന്ന് പണംകൊടുത്ത് ബി ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ തിരുത്തുകയാണ്. ഇങ്ങനെ ജോലിയിലെത്തുന്ന ബിടെക്കുകാരുടെ ദിവസശമ്പളം പതിനായിരം രൂപയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ആറ് റോഡുകള്‍ മണ്ഡലത്തില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടിയതാണ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞു.
കിഫ്ബി നിര്‍മാണം ഏറ്റെടുത്ത റോഡുകളില്‍ മിക്കതും പാതിവഴിയില്‍ കിടക്കുകയാണെന്നും നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞത്. റോഡുനിര്‍മാണം ഉള്‍പ്പടെയുള്ളവര്‍ പാതിവഴിയില്‍ തടസപ്പെടാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി കിഫ്ബിയില്‍ നിന്ന് തന്റെ അധികാരം തിരിച്ചുപിടിക്കണമന്നായിരുന്നു എം.കെ മുനീറിന്റെ ആവശ്യം.