തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ അന്തസ്സാണ്. അച്ഛന്‍ തുറന്നു പറഞ്ഞ കാര്യങ്ങള്‍ പലതും താന്‍ വെളിപ്പെടുത്തുന്നില്ല. വേണ്ടിവന്നാല്‍ അപ്പോള്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ തന്റെ പേരു പരാമര്‍ശിക്കപ്പെട്ടതില്‍ സ്വമേധയാ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. പിണറായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് കിട്ടിയതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ സണ്ണി ജോസസും ഷംസുദ്ദീനും തന്റെ പേരു പരാമര്‍ശിച്ചു. അതിനാലാണ് മറുപടി പറയുന്നത്. തനിക്കെതിരെ മാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണം നടക്കുകയാണ്. അവരുടെ മുന്നില്‍ പോയി മറുപടി പറയാന്‍ താത്പര്യമില്ല. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പാണുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പാണത്. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കോ ഗണേഷ് കുമാറിനോ ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായി എതിര്‍പ്പില്ല. വ്യക്തിപരമായ കാര്യങ്ങളിലാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ചത്. ക്ലിഫ് ഹൗസില്‍ പോയി രാജി നിര്‍ബന്ധിച്ചു നല്‍കുകയായിരുന്നു. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. കപട സദാചാരം അഭിനയിച്ചു രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളല്ല താനെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.