തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കണമോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ അനിശ്ചിതത്വം. ഏറെ കാലമായി സിപിഎമ്മിനൊപ്പമുള്ള എംഎല്‍എയാണ് കെ.ബി ഗണേശ് കുമാര്‍. ഇതിനൊപ്പം കോവൂര്‍ കുഞ്ഞുമോനും. രണ്ടു പേര്‍ക്കും കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നല്‍കിയില്ല. എന്നാല്‍ ഒരു എംഎല്‍എ മാത്രമുള്ള കക്ഷിയായ കേരളാ കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാവുകയും ചെയ്തു. ഇത്തവണ കടന്നപ്പള്ളിക്ക് സീറ്റ് കൊടുക്കില്ല. മന്ത്രിയെന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുള്ള ഗണേശിന് മന്ത്രിസ്ഥാനം നല്‍കണമെന്ന ചര്‍ച്ച ഇപ്പോഴും സജീവമാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം.
പിണറായിയുടെ ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി. ബാലകൃഷ്ണ പിള്ള അങ്ങനെ കാബിനറ്റ് റാങ്കിന് ഉടമയായി. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചയിലുണ്ടാക്കുക.
കോടിയേരി ബാലകൃഷ്ണനാകും ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുക. എല്ലാം പറഞ്ഞ് ബോധ്യപ്പെടു ത്താനുള്ള ചുമതല കോടിയേരിക്കാകും. അങ്ങനെ സിപിഎമ്മിലേക്ക് സജീവമായി കോടിയേരി തിരിച്ചെത്തുമെന്ന സൂചനയും പിണറായി നല്‍കുകയാണ്. പാര്‍ട്ടി സെക്രട്ടറി ചുമതലയും കോടിയേരിക്ക് തിരിച്ചു നല്‍കിയേക്കും. എതായാലും സിപിഎമ്മിലെ രണ്ടാമനായി വീണ്ടും കോടിയേരി മാറും.
ധനകാര്യമന്ത്രി ആരെന്ന ചര്‍ച്ചയും സജീവമാണ്. 2006 മുതല്‍ ഐസക്കാണ് ഇടതു സര്‍ക്കാരിലെ ധനകാര്യമന്ത്രി. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കര്‍. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എന്‍. ബാലഗോപലുമാണ് ഐസക്കിന് പകരക്കാരാകാന്‍ സാധ്യത കല്പിക്കപ്പെടുന്ന പ്രമുഖര്‍. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരും മന്ത്രിമാരാകും.
ശൈലജയ്ക്കു പുറമേ ഒരു വനിതാ മന്ത്രിയും ഉണ്ടാകും. സിപിഐയില്‍ നിന്ന് രണ്ടാം വനിത മന്ത്രിയാകാനും സാധ്യതയുണ്ട്. ചടയമംഗലത്ത് ജയിച്ച ചിഞ്ചു റാണിയും വൈക്കത്തെ സികെ ആശയും മന്ത്രിയാകാന്‍ സാധ്യതയുള്ളവരാണ്. സിപിഎമ്മില്‍ വനിതാ മന്ത്രി സ്ഥാനത്തേക്ക് വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. മന്ത്രിമാരില്‍ രണ്ടു വനിതകളില്ലെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ്, സി.എച്ച്.കുഞ്ഞമ്ബു, ഇടതു സ്വതന്ത്രന്‍ കെ.ടി.ജലീല്‍, വനിതാ നേതാക്കളായ വീണ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവരും പരിഗണിക്കപ്പെട്ടേക്കും. ഇവരില്‍ ഒരാള്‍ സ്പീക്കര്‍ ആകാനും സാധ്യതയുണ്ട്. കെടി ജലീല്‍ മന്ത്രിയാകുമോ എന്നതിലും പിണറായിയുടെ നിലപാടാകും നിര്‍ണ്ണായകം.