ദില്ലി : തൻ്റെ പദവിയുടെ കാര്യത്തിൽ പാർട്ടിക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഏപ്രിലിൽ വിപുമായ ചിന്തൻ ശിബർ വിളിച്ചു കൂട്ടാൻ തീരുമാനിച്ചത്. ഏത് പദവിയിൽ പ്രവർത്തിക്കാൻ പാർട്ടി പറഞ്ഞാലും അതനുസരിക്കാൻ താൻ ബാധ്യസ്ഥനാണ് ഇക്കാര്യം പാർട്ടിക്കുള്ളിലും താൻ വ്യക്തമാക്കിയതാണെന്നും കെ.സിവേണുഗോപാൽ പറഞ്ഞു.
കെ.സി.വേണുഗോപാലിൻ്റെ വാക്കുകൾ –
അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ പരാജയത്തെ വസ്തുനിഷ്ഠമായി പഠിച്ച് ഭാവിയിൽ വരുത്തേണ്ട തിരുത്തലുകൾ എന്തെല്ലാം എന്ന നിലയിൽ വളരെ സമഗ്രമായ ചർച്ചയാണ് പ്രവർത്തകസമിതിയിൽ ഉണ്ടായത്. അഞ്ച് തെരഞ്ഞെടുപ്പുകളുടെയും ചുമതലയുണ്ടായിരുന്ന നേതാക്കൾ പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്നു. സീനിയർ നേതാക്കളും വളരെ സജീവമായി ചർച്ചയിൽ പങ്കെടുത്തു. പ്രതിസന്ധികൾ പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വളരെ വിശദമായി യോഗം ചർച്ച ചെയ്തു.
വ്യക്തിപരമായ വിമർശനങ്ങളോ ആക്രമണങ്ങളോ യോഗത്തിലുണ്ടായില്ല. വീഴ്ചകൾ പരിഹരിച്ച സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണം എന്ന പൊതുവികാരമാണ് ചർച്ചയിലുണ്ടായത്. കേരളത്തിൽ എനിക്കെതിരെ പോസ്റ്റർ പതിച്ചതിനെ ഞാൻ പൊസീറ്റീവായിട്ടാണ് കാണുന്നത്. പാർട്ടിക്ക് വീഴ്ച്ച പറ്റുമ്പോൾ പ്രവർത്തകർക്ക് വേദനയുണ്ടാവും. അവർ ഫിൽഡിൽ നിന്ന് പെരുമാറുന്നവരാണ്, അവരുടെ വികാരത്തെ ഞാൻ മാനിക്കുന്നു. കേരളത്തിലുള്ളവർക്ക് എൻ്റെ മേൽ സവിശേഷമായ ഒരു അധികാരമുണ്ട്. അതാവാം ഇതിനൊക്കെ പിന്നിൽ.
പദവികൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളല്ല താൻ. സ്ഥാനമാനങ്ങൾ എല്ലാക്കാലത്തും ഒരാൾക്ക് അവകാശപ്പെട്ടതല്ല. എന്നെ ഈ പദവിയിലേക്ക് എത്തിച്ചത് പാർട്ടിയാണ്. പാർട്ടി പറയുന്ന പോലെ പ്രവർത്തിക്കുന്നയാളാണ് ഞാൻ. വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും. പരാജയത്തിന് അവകാശികളുണ്ടാവില്ല. എന്നെ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തണം. പാർട്ടി പദവിയേറ്റെടുത്ത് അങ്ങനെ ചെയ്യണമെങ്കിൽ അങ്ങനെ തന്നെ ചെയ്യണം.