തിരുവനന്തപുരം: ആശ പ്രവര്‍ത്തകരോടുള്ള കേന്ദ്രനിലപാടിനെ വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആശമാരുടെ സമരത്തിൽ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ സംശയമെന്നും അദ്ദേഹം പറഞ്ഞു. ആശമാരുടെ വിഷയം ഉപചോദ്യമായി ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ മറുപടി പറയാതെ ഒഴിഞ്ഞുമാറി ചേമ്പറില്‍ ചെന്ന് കാണാനാണ് തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍, ചേമ്പറില്‍ എത്തിയപ്പോള്‍ കാണാന്‍ തയ്യാറായില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എന്താണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
വിഷയത്തില്‍ ഇടപെടാമെന്ന് നേരത്തേ ജെ പി നദ്ദ സഭയില്‍ ഉറപ്പു നല്‍കിയതാണ്. ഇക്കാര്യമുയര്‍ത്തി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തോട് കേന്ദ്രം മാന്യത കാണിക്കണം. കേരളം സഹായിക്കണം. അതേസമയം, ആശാ സമരത്തില്‍ ഐ എൻ ടി യു സിയെ അദ്ദേഹം തള്ളി. ഐ എന്‍ ടി യു സിക്ക് ഓരോ വിഷയത്തിലും വ്യത്യസ്ത നിലപാട് ഉണ്ടായിരിക്കാം. താന്‍ പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നിലപാടാണ്. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന് അത് മനസ്സിലാകുമായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.