കൊച്ചി: ക്രൈസ്തവ സന്യാസിനിമാര്‍ക്കു നേരെ സമൂഹ മാധ്യമങ്ങളിലും നേരിട്ടും നടക്കുന്ന അവഹേളനങ്ങളില്‍ ഒരിക്കല്‍ പോലും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). ഇത്തരം സംഭവങ്ങളില്‍ ഇവരുടെ പരാതികളില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ.സി.ബി.സി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സമീപകാലത്ത്, സാമുവല്‍ കൂടല്‍ എന്നയാള്‍ തന്റെ യുട്യൂബ് ചാനലിലൂടെ ക്രൈസ്തവ സമൂഹത്തേയും സന്യാസനിമാരെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നിരവധി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന് പ്രസ്താവിച്ചുകൊണ്ട് അയാള്‍ ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥന്‍ക്ക് മുമ്പാകെയും നൂറ്ററുപതോളം പരാതികള്‍ സനയസ്തര്‍ നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയും ഉണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാന്‍ ശ്രമിച്ചിട്ടുള്ള സന്യസ്തര്‍ക്കും അവര്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങളാണ് മുന്‍പും ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു.
സന്യാസിനിമാര്‍ നല്‍കിയ പരാതികളില്‍ അവഗണനകള്‍ പതിവാകുന്നതില്‍ മെത്രാന്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പരാതികളില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്ബോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തന്‍ ശക്തമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.