കൊച്ചി : പുനലൂര്‍ കേച്ചേരി ചിട്ടി ഫണ്ടിന്റെ 32 ബ്രാഞ്ചുകളും ഉടനടി സീല്‍ ചെയ്യണമെന്നും സ്വത്തുവകള്‍ കണ്ടുകെട്ടണമെന്നും കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമാണ് കേരളാ ഹൈക്കോടതിയുടെ ഇടപെടല്‍. ബഡ്സ് ആക്ട് പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിക്ഷേപകരുടെ ഓരോ പരാതിക്കും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആര്‍ കള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടൂ.
കേച്ചേരി ചിട്ടി ഫണ്ടിന്റെ 32 ബ്രാഞ്ചുകളും ഉടനടി സീല്‍ ചെയ്യണമെന്നും ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി കോമ്പിറ്റെന്റ് അതോറിറ്റിയോട് അറ്റാച്ച് ചെയ്യുവാനും ബഡ്സ് ആക്ട് പ്രകാരമുള്ള എല്ലാ നടപടികളും കേരളാ പോലീസ് എത്രയുംവേഗം നടപ്പിലാക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. കേച്ചേരി ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ശക്തമായ വാദമുഖങ്ങളാണ് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അവതരിപ്പിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നിക്ഷേപകര്‍ക്കുവേണ്ടി ഹാജരാകുന്നതും ഇതേ അഭിഭാഷകരാണ്. ഇടക്കാല ഉത്തരവ് സംബന്ധിച്ച് പത്തുദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരും കോമ്പിറ്റെന്റ് അതോറിറ്റിയും കോടതിയില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരും പോലീസും തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും ബഡ്സ് അതോറിറ്റി ഇക്കാര്യത്തില്‍ നിശബ്ദമാണെന്നും കെ.ജി.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. 32 ശാഖകള്‍ ഉള്ളതില്‍ മൂന്ന് ബ്രാഞ്ചുകള്‍ മാത്രമാണ് കഴിഞ്ഞ മൂന്നു മാസത്തിനിടക്ക് സീലു ചെയ്തിട്ടുള്ളതെന്നും അതുപോലും നിക്ഷേപകര്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണെന്നും കെ.ജി.ഐ.എ ബോധിപ്പിച്ചു. പ്രമാദമായ പോപ്പുലര്‍ കേസിന് സമാനമായ ഇടപെടലാണ് ഹൈക്കോടതി കേച്ചേരി ചിട്ടി ഫണ്ട് തട്ടിപ്പുകേസിലും സ്വീകരിച്ചിട്ടുള്ളത്.