ദില്ലി: നിരാശയുണ്ടാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ബജറ്റെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. ദില്ലി തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായ വായുമലിനീകരണം ലഘൂകരിക്കാനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ട്.
4400 കോടി രൂപയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് വായുഗുണനിലവാരം കൂട്ടാനുള്ള പദ്ധതിക്കായി നീക്കി വെച്ചത്. ആദായ നികുതി സ്ലാബിലെ പരിഷ്‌കാരവും തെരഞ്ഞെടുപ്പില്‍ വോട്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദില്ലിക്കുള്ളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകും ഇതിന്റെ നേട്ടം കൂടുതല്‍ കിട്ടുക. എല്ലാ വീടുകളിലേക്കും ശുദ്ധജലമെത്തിക്കുന്ന പ്രഖ്യാപനവും ദില്ലി മുംബൈ എക്സ് പ്രസ്സ് ഹൈവേ പൂര്‍ത്തിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്നെയാണെന്നാണ് വിലയിരുത്തല്‍.