ഡൽഹി : ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ച രണ്ട് പുതിയ ക്ഷേമ പദ്ധതികളായ മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികളുടെ രജിസ്ട്രേഷന് നാളെ തുടക്കം. ജനപ്രിയ പദ്ധതികളിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കെജ്‍രിവാൾ അതേ പദ്ധതികളിലൂടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഡൽഹിയിലെ സ്ത്രീ വോട്ടർമാർക്ക് പ്രതിമാസം 2100 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിള സമ്മാൻ യോജന പദ്ധതി കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചത്. 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന സഞ്ജീവനി യോജനയും പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ബിജെപിക്കെതിരെ അംബേദ്കറെ ആയുധമാക്കി ദളിത് വിദ്യാർഥികൾക്കായി അംബേദ്കർ സമ്മാൻ സ്കോളർഷിപ്പും ഇന്നലെ കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു.
ഗാർഹിക ചെലവുകൾ കൈകാര്യം ചെയ്യുന്നതിലും ഉന്നത വിദ്യാഭ്യാസം നേടുന്നതിലും സ്ത്രീകളെ പിന്തുണയ്ക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. “അമ്മമാരും സഹോദരിമാരും എത്ര കഠിനാധ്വാനം ചെയ്യുന്നുവെന്ന് ഞങ്ങൾക്കറിയാമെന്നും, പലരും പുറത്ത് ജോലി ചെയ്താണ് അവരുടെ വീടുകൾ നോക്കുന്നതെന്നും, ഈ 2,100 രൂപ പെൺമക്കളെ അവരുടെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാനും വീട്ടമ്മമാർക്ക് വർദ്ധിച്ചുവരുന്ന വീട്ടുചെലവുകൾ കൈകാര്യം ചെയ്യുന്നതിനോ, അവരുടെ വ്യക്തിപരമായ കാര്യങ്ങൾ നിറവേറ്റുന്നതിനോ സഹായിക്കുമെന്ന് “അദ്ദേഹം കൂട്ടിചേർത്ത്. മഹിളാ സമ്മാൻയോജനയുടെയും സഞ്ജീവനി പദ്ധതിയുടെയും രജിസ്ട്രേഷൻ നാളെ മുതല്‍ ആരംഭിക്കുമെന്ന് കെജ്‍രിവാള്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. പാര്‍ട്ടി അംഗങ്ങളടങ്ങുന്ന സംഘം വീടുകളിൽ എത്തി രജിസ്ട്രേഷന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.