പത്തനംതിട്ട : ആരോഗ്യകരമായ ഭക്ഷണം എല്ലാവരും ഉറപ്പാക്കുന്ന സ്ഥിതിയുണ്ടാകണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അടൂരില്‍ കേരഗ്രാമം പദ്ധതിയും കാര്‍ഷിക സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളീയര്‍ തനതായ നാളികേര കൃഷിയുടെ പ്രാധാന്യം മനസിലാക്കണം. വീടുകളില്‍ ആവശ്യത്തിനുവേണ്ട നാളികേരം വീട്ടുവളപ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സ്ഥിതി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചു വരുന്നു.
ഇത് ലക്ഷ്യമാക്കിയാണ് കേരഗ്രാമം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ നമ്മുടെ നാട്ടില്‍ തെങ്ങ് കൃഷി പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് പിന്നാക്കം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. ശുദ്ധമായ തനത് വെളിച്ചണ്ണ ഉപയോഗിച്ച് പാകം ചെയ്യുന്നത് നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. വരുന്ന വര്‍ഷം 15 ലക്ഷം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
മനുഷ്യന്‍ ഫാഷന്‍ വസ്ത്രം ധരിക്കുന്നതിലും മറ്റ് ആഡംബരത്തിനും പ്രത്യേക ശ്രദ്ധ നല്‍കുമ്പോള്‍, ശുദ്ധമായ ഭക്ഷണ ശീലത്തിന് ഒരു പ്രാധാന്യവും നല്‍കാത്ത സ്ഥിതി മാറണം. കോവിഡ് കാലത്ത് കേരളത്തില്‍ പരക്കെ കൃഷി ചെയ്യുന്ന സ്ഥിതിയുണ്ടായത് അഭിമാനിക്കാവുന്നതാണ്. വീടുകളില്‍ തന്നെ കുടുംബത്തിനുവേണ്ട പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
2015-2016 വര്‍ഷത്തില്‍ 6,28,000 ടണ്ണായിരുന്ന കേരളത്തിലെ പച്ചക്കറി ഉത്പാദനം 2020-2021 കാലഘട്ടത്തില്‍ 15,70,000 ടണ്ണായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞു. നിലവിലെ സ്ഥിതിയില്‍ ഇതിന്റെ കൂടെ ഏഴ് ലക്ഷം ടണ്‍ പച്ചക്കറികള്‍ കൂടി അധികം ഉത്പാദിപ്പിച്ചാല്‍ പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിന് സ്വയം പര്യാപ്തത നേടാനാകും. ‘ ഓരോരുത്തരും കൃഷി ഇടത്തിലേക്ക് ‘ എന്ന നിലയില്‍ കൃഷിയുടെ പ്രാധാന്യം എല്ലാവരും മനസിലാക്കി പ്രോല്‍സാഹിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെയും, സാധാരണക്കാരുടെയും ഉള്‍പ്പെടെ എല്ലാവരുടെയും ഉന്നതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കേരഗ്രാമം പദ്ധതി മാര്‍ഗരേഖ മന്ത്രി പി. പ്രസാദ് അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി. സജിക്ക് നല്‍കി പ്രകാശനം ചെയ്തു. മികച്ച കര്‍ഷകനായ രാഘവനെ മന്ത്രി പി. പ്രസാദ് ആദരിച്ചു.
കാര്‍ഷിക സെമിനാറില്‍ ശാസ്ത്രീയ തെങ്ങ് പരിപാലനം എന്ന വിഷയത്തില്‍ അഗ്മാര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. പ്രദീപ് ക്ലാസ് നയിച്ചു. പദ്ധതി വിശദീകരണം സമേതി ഡയറക്ടര്‍ അനില മാത്യു നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചര്‍, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ജയകുമാര്‍, കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജ് ബോബി, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, അടൂര്‍ കൃഷി അസി.ഡയറക്ടര്‍ റോഷന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.