തൃശ്ശൂര്‍: 213 അനധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച് കേരള കാര്‍ഷിക സര്‍വകലാശാല. കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ക്ലറിക്കല്‍ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമന നിരോധനം. ഇതില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ക്ലറിക്കല്‍ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളുടെ ആഭ്യന്തര റാങ്കുപട്ടിക നിലവിലുള്ളതാണ്. കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളുടെ പിഎസ്സി റാങ്കുപട്ടികയുമുണ്ട്. ഇ ഓഫീസ് സംവിധാനം നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് വൈസ്ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
സര്‍വകലാശാലയില്‍ ഇ ഓഫീസ് സംവിധാനം പൂര്‍ണമായി നടപ്പാക്കിക്കഴിഞ്ഞിട്ടില്ലെന്നും ഭരണസമിതി തള്ളിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനനിരോധനം നടപ്പാക്കുന്നതെന്നും ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെയും അനധ്യാപക തസ്തിക പുനഃക്രമീകരണത്തിന് നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് തസ്തിക വെട്ടിക്കുറയ്ക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. കണ്‍ട്രോളറും രജിസ്ട്രാറും ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷനും മാത്രം അടങ്ങിയ പഠനറിപ്പോര്‍ട്ട് ഭരണസമിതി തള്ളിക്കളഞ്ഞതാണെന്നും ജോലിഭാരം നിര്‍ണയിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാണിച്ചതാണെന്നും സംഘടനാ നേതാക്കള്‍ പറയുന്നു.
നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ആഭ്യന്തര പട്ടികയില്‍ 796 പേരും ക്ലറിക്കല്‍ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ് തസ്തികയില്‍ 76 പേരുമാണുള്ളത്.മാര്‍ച്ച് 20-ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇ ഓഫീസ് സംവിധാനം നടപ്പാക്കിയ ഓഫീസുകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍ എന്നീ തസ്തികകളിലെ നിയമനം അത്യാവശ്യ ഘട്ടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലേ നികത്താന്‍ പാടുള്ളു എന്ന് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉത്തരവിലുണ്ട്. നിയമനം മരവിപ്പിച്ച തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി പരിഗണിച്ച് നിലവിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും പറയുന്നു.