ആലപ്പുഴ : ബിവറേജസ് കോർപ്പറേഷൻവഴിയുള്ള മദ്യവിൽപ്പന കുത്തനെ കുറഞ്ഞു. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ ആറ്-ഏഴ് കോടിരൂപ മാത്രമായി. 270 ഷോപ്പുകളാണ് കോർപ്പറേഷനുള്ളത്. ഇതിൽ 265 എണ്ണമാണ് പ്രവർത്തിക്കുന്നത്. അതിൽ മിക്കതും നഷ്ടത്തിലായി. ശരാശരി 11ലക്ഷംരൂപയുടെ വിൽപ്പനയുണ്ടെങ്കിലേ ഒരുഷോപ്പ് ലാഭത്തിലാവൂ. മിക്ക ഷോപ്പിലും വിൽപ്പന രണ്ടു-മൂന്നുലക്ഷം രൂപയുടേതു മാത്രമാണ്. ‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം. ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ നഷ്ടപ്പെട്ടു.
കോർപ്പറേഷന്റെ ഉപഭോക്താക്കളിൽ മിക്കവരും സാധാരണക്കാരാണ്. അവരിൽ പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോൾ മദ്യം വാങ്ങുന്ന പതിവു മുടങ്ങി. ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ സമയം കിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പാണ്. മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നാണ് ഒരു ജീവനക്കാരൻ പറഞ്ഞത്. ബിവറേജസ് കോർപ്പറേഷന് വിൽപ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുൾപ്പെടെ നൽകിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും മേൽപ്പറഞ്ഞവയൊന്നും കുറഞ്ഞില്ല. ഇതാണ് കോർപ്പറേഷൻ നഷ്ടത്തിലേക്കു കൂപ്പുകുത്താൻ കാരണമാകുന്നത്.