തിരുവനന്തപുരം: കേരളത്തിന്‍റെ സുന്ദരദൃശ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ വിദേശികളടക്കമുള്ള ബ്ലോഗര്‍മാര്‍ യാത്ര തുടങ്ങി. കേരള ബ്ലോഗ് എക്സ്പ്രസ്സിന്‍റെ ഏഴാം പതിപ്പ് വിനോദസഞ്ചാരമന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ബ്ലോഗർമാരാണ് പങ്കെടുക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 24 ബ്ലോഗര്‍മാരും വ്ലോഗര്‍മാരും. ഇവര്‍ കേരളം കാണാന്‍ ഇറങ്ങുകയാണ്. കാഴ്ചകള്‍ കാണാനും ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കാനുമാണ് ഇവരുടെ യാത്ര. രണ്ടാഴ്ച ഇവര്‍ കേരളത്തിലുണ്ടാകും. യു.എസ്, പോളണ്ട്, റൊമാനിയ, ബ്രസീല്‍, ഇറ്റലി, നെതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരില്‍ പലരും മുമ്പ് ഇന്ത്യ കണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമാണ്.
തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്ര കാസർകോട് അവസാനിക്കും. ഇതിനിടെ കാണുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങള്‍ വഴി ലോകത്തിന് മുന്നില്‍ പങ്കുവയ്ക്കും. കേരളത്തിന്‍റെ പ്രകൃതിഭംഗിയും പാരമ്പര്യവും സംസ്കാരവും രുചിയും കലകളും കൂടുതല്‍ പേരിലേക്കെത്തുമെന്നും അങ്ങനെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നുമാണ് വിനോദസഞ്ചാരവകുപ്പിന്‍റെ പ്രതീക്ഷ. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.