കൊച്ചി : ‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കി കേരള ബ്രാഹ്മണ സഭ (ഓള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍). ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡന്റ് കരിമ്പുഴ രാമന്‍ സെന്‍സര്‍ ബോര്‍ഡിനു കത്തയച്ചിട്ടുണ്ട്.
പട്ടര്‍ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ ചൂണ്ടികാട്ടുന്നു. ബ്രാഹ്മണര്‍ സസ്യാഹാരികള്‍ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടണ്‍ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കാനാണ്. അതിനാല്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയെങ്കില്‍ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.
അതേസമയം, ചിത്രത്തിന്റെ പേര് പിന്‍വലിച്ചെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അര്‍ജുന്‍ ബാബു അറിയിച്ചിട്ടുണ്ട്. കാസ്കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി. അര്‍ജുന്‍ ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
പട്ടര്‍ ആദ്യമായി ഒരു മട്ടന്‍ കറി ഉണ്ടാക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിലൂടെ പറയുന്ന ഈ ചിത്രത്തില്‍ ആനന്ദ് വിജയ്, സുമേഷ്, നിഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.