തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ചികിത്സാ പദ്ധതിയായ മെഡിസെപ്പ് തുടരുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുമായും ജീവനക്കാരുടെ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 11 ലക്ഷത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള മെഡിസെപ്പ് പദ്ധതിയിലൂടെ പണരഹിത ചികിത്സാ സേവനം ലഭിക്കുന്നത് 30 ലക്ഷത്തോളം പേര്‍ക്കാണ്. യാതൊരു പ്രീ- മെഡിക്കല്‍ പരിശോധനകളും ഇല്ലാതെ ഏത് പ്രായത്തിലുള്ളവരെയും അംഗങ്ങളാക്കുന്ന മെഡിസെപ്പ് പദ്ധതിയിലൂടെ നാളിത് വരെ 8.79 ലക്ഷം ക്ലെയിമുകളിലായി 1668 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1564 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് വേണ്ടിയാണ് അനുവദിച്ചതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം അഞ്ചുശതമാനം വര്‍ധിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ ക്ഷമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും. കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം , ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ കൂടി പരിശോധിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പഴക്കം ചെന്ന വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതിയിലാണ് മാറ്റം വരുത്തുന്നത്. ഇതിലൂടെ 55 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ എട്ടു ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം നികുതിയും ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതിയും ഈടാക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. നിലവില്‍ അഞ്ചുശതമാനമാണ് നികുതി. ഈ നികുതി വര്‍ധനയിലൂടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി 15 വര്‍ഷത്തേയ്ക്ക് ഈടാക്കി വരുന്ന അഞ്ചു ശതമാനം നികുതിയാണ് പുനഃക്രമീകരിച്ചത്. നാല് ചക്രങ്ങളുള്ള സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയാണ് വര്‍ധിപ്പിച്ചത്.
ഭൂനികുതി വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വര്‍ധിച്ചു. എന്നാല്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയര്‍ത്തിയതായും ധനമന്ത്രി അറിയിച്ചു.
പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെ (20 സെന്റ് വരെ) ആര്‍ ഒന്നിന് പ്രതിവര്‍ഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളില്‍ ആര്‍ ഒന്നിന് പ്രതിവര്‍ഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആര്‍ ഒന്നിന് 12 രൂപയാകും. മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 2.4 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് പതിനഞ്ച് രൂപയാകും. 2.6ന് മുകളില്‍ നിലവില്‍ ആര്‍ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആര്‍ ഒന്നിന് 22.5 രൂപയാകും. കോര്‍പ്പറേഷന്‍ മേഖലയിലും ഭൂനികുതി വര്‍ധിപ്പിച്ചു. 1. 62 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് 30 രൂപയാക്കി വര്‍ധിപ്പിച്ചു. 1. 62 ആറിന് മുകളില്‍ ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എംടി വാസുദേവന്‍ നായര്‍ക്ക് ആദരം
സംസ്ഥാന ബജറ്റില്‍ അന്തരിച്ച എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകമായി പഠന കേന്ദ്രം സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
കെ ഹോംസ് പദ്ധതി
ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ആള്‍താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
കൊല്ലത്ത് ഐടി പാര്‍ക്ക്
കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പാക്കേജ്
വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജിന് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടിയും തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും അനുവദിച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി
സഹകരണ ഭവന പദ്ധതി
നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.
ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍
വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.
ന്യൂ ഇന്നിംഗ്‌സ്
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.
മെഗാ ജോബ് എക്‌സ്‌പോ
പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.
മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
മറ്റു ബജറ്റ് വാർത്തകൾ
വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി
വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം മെട്രോ
ത്ിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.