തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നവതരിപ്പിക്കും. ആരോഗ്യമേഖലക്കും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ട് മദ്യനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും അടച്ചിട്ടതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.സര്‍ക്കാരിന്റെ തനത് വരുമാനമാര്‍ഗ്ഗങ്ങളായ മദ്യം, ലോട്ടറി എന്നിവ നിശ്ചലമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. കടുത്ത ദുരിതത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല.എന്നാല്‍ ചില മേഖലകളില്‍ നികുതി വര്‍ധനവ് ഉണ്ടായേക്കും.
മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തേത് പോലെ മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്തുമെന്നാണ് സുചന. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചേക്കും. ആരോഗ്യമേഖലക്ക് കൂടുതല്‍ ഊന്നലുണ്ടാകും. സൗജന്യ വാക്സിന്‍ നല്‍കാന്‍ ബജറ്റില്‍ പണം നീക്കി വെയ്ക്കും. മൂന്നാം തരംഗം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പണമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതും, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനുമുള്ള പദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് സൂചന. കടലാക്രമണം തടയാന്‍ സമഗ്രപാക്കേജ്, ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് ധനസഹായം എന്നിവയും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലത്തെ ദൈര്‍ഘ്യം ബജറ്റ് പ്രസംഗത്തിനുണ്ടായേക്കില്ല.