തിരുവനന്തപുരം :കേരളത്തിന്‍റെ ഭാവി വികസനത്തിന് വിപ്ലവകരമായ മാറ്റം കൈവരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാറിന്‍റെ അവസാന ബജറ്റ്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവെച്ചത് ഭാവി തലമുറയുടെ പ്രതീക്ഷകളാണ്. 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് കെ എം മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്‍റെ റെക്കോര്‍ഡാണ് തോമസ് ഐസക് മറികടന്നത്. ക്ഷേമവും കരുതലും വികസനവുമായിരുന്നു ബജറ്റിന്‍റെ മുഖമുദ്ര. ഏല്ലാ മേഖലയേയും ഉള്‍ക്കൊണ്ടുള്ള ഒരു ജനപ്രിയ ബജറ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം.
സര്‍ക്കാറിന്‍റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്‍റെ തുടക്കം മുതല്‍ത്തന്നെ സാന്ദര്‍ഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കവിതകള്‍ മാത്രമാണ് ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ച് വര്‍ഷം പൊതുവിദ്യാഭ്യാസമടക്കം സാമൂഹിക സുരക്ഷാ മേഖലയിലായിരുന്നു സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയത്. ഇതിന്റെ ഫലം ഇന്ന് സംസ്ഥാനം അനുഭവിക്കുന്നുണ്ട്. ഇനി സര്‍കാര്‍ മുന്നോട്ടുവെക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖില്‍ ഒരു കുതിപ്പാണ്. ഇതിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമായിരിക്കും.
പിണറായി സര്‍ക്കാറിന് ജനങ്ങള്‍ക്കിടയില്‍ ഏറെ മതിപ്പുളവാക്കിയ ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഒന്നര ലക്ഷം വീടുകള്‍ പുതായി നിര്‍മിക്കും. വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് പത്ത് കിലോ അരി നല്‍കുമെന്ന് ബജറ്റ് പറയുന്നു. 50 ലക്ഷം കുടുംബങ്ങളില്‍ നേരിട്ട് എത്തുന്നതാണ് ഈ പ്രഖ്യാപനം.
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി തൊഴില്‍, റബറിന് തറവില 170 രൂപയാക്കി ഉയര്‍ത്തി, 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
ജൂണ്‍ മാസത്തോടെ കെഫോണ്‍ പൂര്‍ത്തിയാക്കുമെന്ന് ഐസക് പറഞ്ഞു. ഇതിനായി 66 കോടി വകയിരുത്തി. 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം, സര്‍വകലാശാലകളില്‍ 30 മികവിന്‍റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും, അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി തുടങ്ങിയവയും ബജറ്റിലുണ്ട്. പ്രവാസി പെന്‍ഷന്‍ 3500 ആയി ഉയര്‍ത്തി. കാരുണ്യ പദ്ധതി തുടരും. 50000 കോടിയുടെ മൂന്ന് വ്യവാസായിക ഇടനാഴി ഈ വര്‍ഷം.
ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം. ശമ്പളം കുടിശ്ശിക മൂന്ന് ഗഢുക്കളായി വിതരണം ചെയ്യും. പ്രളയ സൈസ് ജുലൈയില്‍ അവസാനിപ്പിക്കും. കെ എസ് ആര്‍ ടി സി ശമ്ബളത്തിനും പെന്‍ഷനുമായി ആയിരം കോടി. കൊച്ചി മെട്രോ പേട്ട മുതല്‍ തൃപുണിത്തുറവരെ ഈ വര്‍ഷം പൂര്‍ത്തിയാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സഹായം. വര്‍ക്ക് നിയര്‍ ഹോം സ്‌കീം പദ്ധതിക്കായി പണം നീക്കിവെച്ചു. കൂടാതെ കൃഷിക്കും തീരദേശ പരിപാലത്തിനും മത്സ്യ തൊഴിലാളികള്‍ക്കും കയര്‍, കശുവണ്ടി മേഖലകള്‍ക്കുമെല്ലാം വന്‍ തുക നീക്കിവെച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാറിന്‍റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ചത്. ജി എസ് ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐസ്‌ക് പറയുന്നു. നാണ്യ വിളകള്‍ക്കെല്ലാം താങ്ങുവില വര്‍ധിപ്പിച്ചും ഈ മേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക നിയമത്തിന് ബജറ്റിലൂടെ ഒരു മറുപടിയും ഐസക് നല്‍കുന്നു.