കോട്ടയം: കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ റിട്ട് നല്‍കുമെന്നും വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോസ് കെ.മാണിയുമായി ഒരിക്കലും ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. “നിരന്തരമായി വാഗ്‌ദാനങ്ങള്‍ ലംഘിക്കുന്ന, കരാറുകള്‍ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാന്‍ പറ്റില്ല,” ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ല. ചെയര്‍മാനെന്ന നിലയില്‍ ജോസ് കെ.മാണിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ജോസ് കെ.മാണിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കും” പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജോസഫ് വിഭാഗത്തിനു താക്കീത് നല്‍കുകയാണ് ജോസ് കെ.മാണി. ഔദ്യോഗികമായി കേരള കോണ്‍ഗ്രസ് (എം) തങ്ങളാണെന്നും പാര്‍ട്ടിയില്‍ നിന്നു വിഘടിച്ചുനില്‍ക്കുന്നവര്‍ മടങ്ങിവരണമെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച എംഎല്‍എമാര്‍ കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം. അല്ലാത്തപക്ഷം അത്തരക്കാര്‍ക്കെതിരെ അയോഗ്യത അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും ജോസ് കെ.മാണി മുന്നറിയിപ്പ് നല്‍കി.
“കേരള കോണ്‍ഗ്രസ് ഒന്നേയുള്ളൂ. മറ്റൊരു കേരള കോണ്‍ഗ്രസ് ഇല്ല. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ കേരള കോണ്‍ഗ്രസ് (എം) കുടുംബത്തില്‍ തന്നെ കാണണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. ഇപ്പോള്‍ തല്‍ക്കാലം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു,” പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജോസ് കെ.മാണി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാന്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.