രാമങ്കരി : കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനായി തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷനായുള്ള ഉപസമിതി കുട്ടനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, വിവിധ പാര്‍ട്ടി ഘടകങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നുമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള നിര്‍ദേശം സ്വീകരിച്ചത്.
യോഗത്തില്‍ ഉയര്‍ന്ന വിവിധ പേരുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും തുടര്‍ന്ന് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാമ്പാണ് കുട്ടനാട് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ഉപസമിതിക്ക് രൂപം നല്‍കിയത്. രാമങ്കരി മെമ്മറി ഹോട്ടലില്‍ രാവിലെ 10 ന് ആരംഭിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി, ഉപസമിതി അംഗങ്ങളായ ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ, വി.ടി ജോസഫ്, വി.സി ഫ്രാന്‍സിസ്, ജേക്കബ് തോമസ് അരികുപുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പ്രമോദ് നാരായണ്‍, സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ വിജി എം.തോമസ്, സ്റ്റിയറിംഗ് കമ്മറ്റി അംഗം ജെന്നിംഗ്‌സ് ജേക്കബ്, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പത്രോസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിബു ലൂക്കോസ്, ഡോ.ഷാജോ കണ്ടക്കുടി, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു എന്നിവര്‍ പങ്കെടുത്തു.