പാലാ : പാർട്ടിയും ചിഹ്നവും കൈപ്പിടിയിൽ ആയതോടെ നിലപാട് കടുപ്പിച്ച് ജോസ് .കെ.മാണി. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പേര് ഉപയോഗിക്കുന്ന ജോസഫ് ഗ്രൂപ്പുകാരെ അയോഗ്യരാക്കാൻ നടപടി ആരംഭിച്ചു. അനുവാദമില്ലാതെ ആരും പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്നും ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുഖംനോക്കാതെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
കെ.എം മാണി ചെയർമാനായിരുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയും രണ്ടില ചിഹ്നവും കേന്ദ്ര ഇലക്ഷൻ കമ്മീഷനും പിന്നീട് കേരള ഹൈക്കോടതിയും ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചിരിക്കുകയാണ്. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പി ജെ ജോസഫ് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന് ഹൈക്കോടതി ഉത്തരവിലൂടെ നൽകിയത്. പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ പിജെ ജോസഫ് ഈ മാസം ഇരുപത്തി മൂന്നാം തീയതി നൽകിയ റിവ്യൂ ഹർജി കോടതി തള്ളിക്കളഞ്ഞു. അന്നേദിവസം തന്നെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജെ ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഹർജി നൽകി. എന്നാൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ഉത്തരവും ഹൈക്കോടതിയുടെ വിധിയും സ്റ്റേ ചെയ്യാതെ സാധാരണ കേസുകൾക്ക് അപ്പീൽ പരിഗണിക്കുന്നതുപോലെ മാത്രം കേസ് പരിഗണിക്കുവാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത്. ആയതിനാൽ കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണി നിർദ്ദേശിക്കുന്നവർക്കല്ലാതെ മറ്റൊരാൾക്കും ഉപയോഗിക്കുവാൻ കഴിയുകയില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥികൾ എൽഡിഎഫ് മുന്നണിയിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
നിയമപരമായി ലഭിച്ച ഈ മേൽകൈ പരമാവധി ഉപയോഗിക്കുവാനാണ് കേരള കോൺഗ്രസ് എം പാർട്ടിയുടെ തീരുമാനം. കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയുടെ പേരോ മാണിസാറിന്റെ ചിത്രമോ കേരള കോൺഗ്രസ് (എം) പാർട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അടയാളങ്ങളോ പി.ജെ ജോസഫോ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആരെങ്കിലുമോ ഉപയോഗിക്കുന്ന പക്ഷം അത് ഇലക്ഷൻ ചട്ടങ്ങളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനവുമാകും എന്നാണ് ജോസ് പക്ഷത്തിന് ലഭിച്ച നിയമോപദേശം. അതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇത് പരമാവധി ഉപയോഗിക്കുവാനാണ് ജോസ് കെ.മാണിയുടെ നീക്കം.
കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പേരോ മറ്റെന്തെങ്കിലും അടയാളങ്ങളോ ജോസ് കെ മാണിയുടെ അനുവാദമില്ലാതെ ഏതെങ്കിലും സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്ന പക്ഷം പ്രസ്തുത പോസ്റ്ററുകളുടെയും ബാനറുകളുടെയും ചുവരെഴുത്തിന്റെയും ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുവാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജയിച്ചു വന്നാലും ഇവരെ അയോഗ്യരാക്കുന്നതിന് മതിയായ എല്ലാ തെളിവുകളും മുന്‍കൂട്ടി സൂക്ഷിക്കുവാനാണ് നീക്കം.