മുനമ്പം : മുനമ്പത്തെ വസ്തു വഖഫ് വകയാണെന്നും അത് തിരികെപിടിക്കും എന്നുമുള്ള വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ അതിമോഹത്തോടുകൂടിയ പ്രസ്താവന വലിയ ആപത്ത് വിളിച്ചുവരുത്തുമെന്നും വഖഫ് നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടിവരുന്നത് ഇപ്രകാരമുള്ളവരുടെ ദുഷ്ടലാക്കോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ കാരണമാണെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുനമ്പത്ത് സമരപന്തലില്‍ പ്രസ്താവിച്ചു. വഖഫ് നിയമത്തിന്റെ ദുരുപയോഗം കാരണം പ്രയാസത്തിലായ മുനമ്പം ജനതയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുനമ്പത്ത് സമരപന്തലിലെത്തിയ കെ.സി.സി. ചുമതലക്കാരുടെ പ്രതിനിധി എന്ന നിലയില്‍ മുനമ്പം ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കെ.സി.സി. ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്‍, ട്രഷറര്‍ റവ. ഡോ. റ്റി.ഐ. ജയിംസ്, വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡീക്കന്‍ ഡോ. അനീഷ് കെ. ജോയി, എക്‌സിക്യൂട്ടീവ് സമിതി അംഗം എബ്രഹാം സൈമണ്‍ മുതലായവര്‍ സംഘത്തിന് നേതൃത്വം നല്കി.
സത്താര്‍ സേട്ടുവിന് പാട്ടത്തില്‍ കിട്ടിയ വസ്തു വഖഫ് ചെയ്യുന്നത് എപ്രകാരമാണെന്നും തിരികെ നല്കണമെന്നും ക്രയവിക്രയ അധികാരം ഫറൂക്ക് കോളേജിന് നല്കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി എപ്രകാരം വഖഫ് നടത്താമെന്നും വഖഫ് ചെയര്‍മാന്‍ വിശദീകരിക്കണമെന്നും കെ.സി.സി. ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഇപ്രകാരം മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തക്ക വിധത്തില്‍ ദുരുപയോഗം ചെയ്യാവുന്ന വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഇന്ത്യന്‍ മതേതരത്വത്തിനും ഇന്ത്യയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും തടസ്സമാണെന്നും അതിനാല്‍ അടിയന്തിരമായി വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നും സമരപന്തലില്‍ വന്ന് മുതലക്കണ്ണീര്‍ പൊഴിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ നിലവിലുള്ള വഖഫ് നിയമത്തിലെ 40, 108 A ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇല്ലാതാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരളനിയമസഭയില്‍ പ്രമേയം പാസ്സാക്കണമെന്നും പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.