കോഴിക്കോട് : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്ന് കേന്ദ്ര വാക്സിൻ വിദഗ്ധ സമിതിയംഗവും ശിശുരോഗ വിദഗ്ധനുമായ ഡോ.എൻ.കെ അറോറ. കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ല. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിക്കുന്നില്ലെന്നും ഡോ.അറോറ വ്യക്തമാക്കി. കുട്ടികളിലെ രോഗബാധ തടയാൻ സർക്കാർ സജ്ജമാണ്. കുട്ടികൾക്കുള്ള കോവിഡ് വാക്സിൽ അടുത്ത വർഷം മാത്രമാണ് ലഭ്യമാകുക. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറായിട്ടുണ്ട്.
ഡിസംബറോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും. കോവിഷീൽഡും കോവാക്സിനും ആയിരിക്കും പ്രധാനമായും ഉപയോഗിക്കുക. അടുത്ത മാസത്തോടെ രാജ്യത്ത് കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകും. രാജ്യത്ത് കോവിഡ് ഭീഷണി എന്ന് ഇല്ലാതാകുമെന്ന് പറയാനാകില്ല. വൈറസിന് നിരന്തരം രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ സുരക്ഷിതമാണ്. ഇവക്ക് പാർശ്വ ഫലങ്ങൾ കുറവാണ്. കോവിഡ് മൂലമുള്ള കൂടുതൽ മരണം തടയാൻ കഴിഞ്ഞുവെന്നും ഡോ.അറോറ ചൂണ്ടിക്കാട്ടി.
കേരളത്തിൽ രോഗവ്യാപനം കൂടാൻ കോവിഡ് നിയന്ത്രണങ്ങളുടെ ഇളവാണ് കാരണമെന്ന് ഡോ.അറോറ വ്യക്തമാക്കി. സമൂഹിക അകലം പാലിക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. ഇത് ഗുരുതര സാഹചര്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധരാണ്. കേരളം ആരോഗ്യ പരിപാലനത്തിന് വലിയ മുൻഗണന നൽകുന്ന സംസ്ഥാനമാണെന്നും ഡോ.അറോറ വ്യക്തമാക്കി.