തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഗുജറാത്ത് മാതൃക പഠിക്കാനൊരുങ്ങുമ്പോൾ 2013 യിൽ സിപിഎം ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുജറാത്തിലേക്ക് പോകുന്നത്. അതേസമയം 2013ൽ ഞാൻ തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ഓട്ടോണമസ് ബോഡിയായ ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സന്ദർശിക്കുകയുണ്ടായതായി ഷിബു ബേബി ജോൺ പറയുന്നു. മികച്ച സ്കിൽ ഡെവലപ്പ്മെന്റിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം ഗുജറാത്ത് സംസ്ഥാനത്തിന് ലഭിച്ച സാഹചര്യമായിരുന്നു അത്. അവിടെയുള്ള സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതികൾ കേരളത്തിന്റെ തൊഴിൽ മേഖലയിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് മനസിലാക്കുന്നതിന് വൈകുന്നേരം ഫ്ലൈറ്റിന് മുമ്പായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
10 മിനിറ്റ് നേരം മാത്രമുണ്ടായിരുന്ന ഔദ്യോഗിക ചർച്ച കൊണ്ടുതന്നെ ആ പദ്ധതികൾ ഫലപ്രദമല്ലെന്നും കേരളത്തിന്റെ സാഹചര്യത്തിൽ അത് പ്രയോജനപ്പെടില്ലെന്നും മനസിലാക്കാൻ സാധിച്ചു. ആ ഔദ്യോഗിക കൂടിക്കാഴ്ച്ചയുടെ പേരിൽ അന്നത്തെ പ്രതിപക്ഷം ഉണ്ടാക്കിയ കോലാഹലങ്ങൾ ഓർക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒന്നും പഠിക്കാനില്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഞാൻ മോദിയെ കണ്ടതെന്നുമൊക്കെയായായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്ന് ഉന്നയിച്ച ആരോപണങ്ങൾ. ഞാൻ രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഓരോ ഇലക്ഷൻ വരുമ്പോഴും ആ ചിത്രവും ഉയർത്തിപ്പിടിച്ചാണ് ഇടതുമുന്നണിയുടെ പ്രചരണങ്ങൾ.
ഇന്നിപ്പോൾ ഗുജറാത്തിലെ വികസന മാതൃക പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയും ഉന്നത ഉദ്യോഗസ്ഥരും ഗുജറാത്തിലേക്ക് പോകുമ്പോൾ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജി വയ്ക്കണമെന്ന് പറയാൻ കോടിയേരിക്ക് ധൈര്യമുണ്ടോ? ഇപ്പോൾ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പഠിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങൾ വെള്ളത്തിൽ വരച്ച വരകളായിരുന്നുവെന്നതും തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സ് പോലും ഗുജറാത്തിലേത് എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞ വസ്തുതകളാണ്.
എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്പോൾ എവിടെ എത്തിനിൽക്കുന്നു നമ്മുടെ കേരളം എന്നാണ് ചിന്തിക്കേണ്ടത്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ പുകമറയായിരുന്നു ഗുജറാത്ത് വികസന മാതൃക. മോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിക്കാർ പോലും ആ വാദം ഉപേക്ഷിച്ചു. എന്നിട്ടും ഗുജറാത്ത് വികസന പറുദീസയാണെന്ന മിഥ്യാധാരണയിൽ വികസനം പഠിക്കാൻ ഉദ്യോഗസ്ഥരെ അയക്കുന്ന കേരളമുഖ്യന്റെ ലക്ഷ്യമെന്താണ്? എല്ലാ കാര്യങ്ങൾക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി ഇല്ലാത്ത വികസനങ്ങൾ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കൂട്ടിക്കിച്ചേർത്തു.