തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ചെയ്ത തെറ്റ് എന്താണെന്നറിയില്ലെന്നും അസോസിയേഷന് എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നുമാകേണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ‘ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നറിയില്ല. നല്ലൊരു കാര്യം ചെയ്തു. കാരുണ്യപ്രവര്‍ത്തനം കാരണം നമ്മുടെ സ്വന്തം ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യുടെ ‘ഗോഡ്‌സ് ഓണ്‍ സണ്ണാ’യ സഞ്ജുവിനെ ഒന്ന് സപ്പോര്‍ട്ട് ചെയ്തു. അസോസിയേഷന് എതിരെയല്ല ഞാന്‍ പറഞ്ഞത്. അസോസിയേഷനില്‍ ഇരിക്കുന്ന ആളുകള്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ സഹായകരമായിരിക്കും എന്നാണ് പറഞ്ഞത്.’- ശ്രീശാന്ത് പറഞ്ഞു.
‘അഡ്മിനിസ്‌ട്രേഷനിലുള്ള ആളുകള്‍ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്നറിയില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നുമാകേണ്ട. അതിന് ഒരു ആഗ്രഹവുമില്ല. അതോ വോട്ടിനുള്ള പേടി ആണോ എന്നറിയില്ല. മലയാളികളായ ഏത് ക്രിക്കറ്റ് താരത്തെയും താന്‍ പിന്തുണയ്ക്കും.’- ശ്രീശാന്ത് പറഞ്ഞു. സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി.
ബുധനാഴ്ച എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.