തിരുവനന്തപുരം: സംസ്ഥാന കായികചരിത്രത്തിന്റെ ഭാഗമായി മാറിയ രണ്ടാഴ്ച നീണ്ട പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സമാപനമാകും. സെപ്റ്റംബര്‍ രണ്ടിന് തുടക്കംകുറിച്ച ലീഗ് മല്‍സരങ്ങളുടെ സെമിഫൈനല്‍ ചൊവ്വാഴ്ചയും ഫൈനല്‍ മല്‍സരം ബുധനാഴ്ചയുമാണ് നടക്കുക. ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ക്രിക്കറ്റ് ലീഗില്‍ ഓരോ ടീമുകള്‍ക്കും പത്ത് മല്‍സരങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എല്ലാ ടീമുകളും രണ്ടുതവണവീതം പരസ്പരം മല്‍സരിച്ചു. ചൊവ്വാഴ്ച 2.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലും 6.30നുള്ള രണ്ടാം സെമിയില്‍ ഒന്നും നാലും സ്ഥാനക്കാര്‍ തമ്മിലുമാണ് മല്‍സരിക്കുക. കേരളത്തിലെ ക്ലബ്ബ് കളിക്കാരുള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള സുവര്‍ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ലീഗിലൂടെ ഒരുക്കിയത്. കളിക്കാരുടെ ലേലത്തിലുള്‍പ്പെടെ ഇക്കാര്യം പ്രതിഫലിച്ചിരുന്നു. അടിസ്ഥാന നിരക്കിനേക്കാള്‍ ഉയര്‍ന്ന വളരെ കൂടിയ തുകയ്ക്കുവരെ ലേലംകൊണ്ട മിക്ക കളിക്കാരും ഫ്രാഞ്ചൈസികളുടെ അഭിമാനം കാക്കുന്ന മല്‍സരമാണ് കാഴ്ചവച്ചത്.
ദേശീയതലത്തില്‍ പല ക്രിക്കറ്റ് മല്‍സരങ്ങളിലും കേരളത്തിനുവേണ്ടി ഒരുമിച്ചു കളിക്കാനിറങ്ങിയവരാണ് ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്‍മാരായും കളിക്കാരായും പരസ്പരം പൊരുതാനിറങ്ങിയത്. ഓരോരുത്തരുടേയും ബലവും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കാനും പരസ്പരം അറിഞ്ഞ് മല്‍സരിക്കുവാനും ക്രിക്കറ്റ് ലീഗ് വേദിയായി. മുൻ ഇന്ത്യൻ താരങ്ങളായ മുംബൈ ഇൻഡ്യൻസ് സ്‌കൗട്ട് സൗരഭ് തിവാരിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചസ് സ്കൗട്ട് രവി തേജയും ഉൾപ്പെടെയുള്ളവർ കളികാണാനും കളിക്കാരെ നിരീക്ഷിക്കാനുമായെത്തിയത് കേരള ക്രിക്കറ്റ് ലീഗ് ദേശീയതലത്തില്‍ നേടിയ ശ്രദ്ധയ്ക്ക് ഉദാഹരണമായി. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നവരാണ് സ്കൗട്ടുകള്‍. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നില്‍ തല്‍സമയം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം കണ്ടുവിലയിരുത്താനും അവസരമൊരുങ്ങി. കളിക്കാര്‍ക്കും ഭാവിയിലേക്ക് ഏറെ ഗുണകരമായി ഇതു മാറുമെന്നാണ് വിലയിരുത്തല്‍.
മല്‍സരത്തിന്റെ പത്താംദിവസമാണ് ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി പിറന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്സുമായി നടന്ന മല്‍സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായി സച്ചിന്‍ബേബിയായിരുന്നു കേരള ക്രിക്കറ്റിലെതന്നെ ആദ്യത്തെ സെഞ്ച്വറിയുടെ ഉടമയായത്. 13ന് നടന്ന ഫിനെസ് തൃശൂർ ടൈറ്റൻസ്- ആലപ്പി റിപ്പിൾസ് മൽസരത്തിൽ തൃശൂരിന്റെ വിഷ്ണു വിനോദ് കാണികളുടെ ആവേശത്തിലേക്ക് അടിച്ചുപറപ്പിച്ചത് സിക്‌സറുകളുടെ പെരുമഴയായിരുന്നു. 17 സിക്‌സറുകളടിച്ച വിഷ്ണുവിന് സെഞ്ച്വറി തികയ്ക്കാൻ 33 പന്തുകളേ വേണ്ടിവന്നുള്ളു. അങ്ങനെ കെസിഎലിലെ വേഗമേറിയ സെഞ്ച്വറിക്കും വിഷ്ണു അർഹനായി. അതേ മൽസരത്തിൽ ആലപ്പുഴയുടെ ക്യാപ്റ്റൻ അസ്ഹറുദ്ദീനും ഏഴു സിക്‌സറുകളിലൂടെ 90 റൺസുമായി സെഞ്ച്വറിക്ക് അടുത്തുവരെയെത്തി. 15ന് അദാനി ട്രിവാൻഡ്രം റോയൽസുമായി നടന്ന മൽസരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും ആലപ്പി റിപ്പിള്‍സുമായി നടന്ന മല്‍സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനും സെഞ്ച്വറി നേടിയിരുന്നു.