കൊച്ചി: സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങള്‍ കൂടുന്നു. എന്നാല്‍, പരിശോധനയ്ക്ക് ആവശ്യത്തിന് വനിതാ പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 2024-ല്‍ 40-ലധികം യുവതികളാണ് ലഹരിക്കടത്തിന് പിടിയിലായത്. ഭൂരിഭാഗവും 21-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. അതില്‍ത്തന്നെ കൊച്ചിയിലാണ് കൂടുതലും. വാഹന പരിശോധനാ സംഘങ്ങളിലും മറ്റും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് ലഹരി സംഘങ്ങള്‍ക്ക് ഗുണമാകുന്നു. കുടുംബമെന്ന പരിഗണനയില്‍ പരിശോധനകളില്‍ നിന്ന് ചിലപ്പോള്‍ രക്ഷപ്പെടും. ലഹരിസംഘം കെണിയില്‍പ്പെടുത്തി പിന്നീട് ലഹരി വില്‍പ്പന സംഘത്തിന്റെ ഭാഗമായവരാണ് സ്ത്രീകളില്‍ പലരും.
സ്ത്രീകള്‍ ഉള്‍പ്പെട്ട ലഹരിക്കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരങ്ങളിലുള്‍പ്പെടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. കൊച്ചി സിറ്റിയില്‍ എസ്ഐ മുതല്‍ സിപിഒ വരെയുള്ളവരില്‍ 2,689 പുരുഷന്മാരുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരാകട്ടെ 276 പേര്‍ മാത്രവും. തിരുവനന്തപുരത്ത് സ്ഥിതി അല്പം ഭേദമാണ്. ആകെ 47,000-ത്തിനടുത്ത് ഉദ്യോഗസ്ഥരുള്ളതില്‍ 700-ഓളം പേര്‍ വനിതകളാണ്. റൂറല്‍ സ്റ്റേഷനുകളില്‍ ഇതിലും കുറവാണ്. 40 പേരുടെ അംഗബലമുള്ള സ്റ്റേഷനുകളില്‍ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ചിലയിടങ്ങളിലുള്ളത്. പല വഴികളിലൂടെ ലഹരിസംഘങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി കടുപ്പിച്ചതോടെ പലവഴിക്കുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്.
ഇതോടെയാണ് സ്ത്രീകളെ ഇരകളാക്കി ലഹരിക്കച്ചവടം കൂടിയത്. വിമാനത്താവളം, ട്രെയിന്‍, ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴി സംസ്ഥാനത്തേക്ക് ലഹരിയൊഴുകുന്നുണ്ട്. പിടിക്കപ്പെടില്ലെന്ന വിശ്വാസവും വസ്ത്രത്തിനുള്ളിലും മുടിയുടെ ഇടയിലും ഒളിപ്പിച്ചു കടത്താന്‍ കഴിയുന്നതുമാണ് സംഘങ്ങള്‍ സ്ത്രീകളെ ഒപ്പം കൂട്ടാന്‍ കാരണം.എംഡിഎംഎ പോലുള്ള രാസലഹരി കടത്തിന് നൈജീരിയന്‍ യുവതികളെ ഉപയോഗിക്കുന്നുണ്ട്. നേപ്പാള്‍, മേഘാലയ, നാഗാലാന്‍ഡ്, അസം, മേഘാലയ സ്വദേശികളായ യുവതികളെയും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് ഉപയോഗിക്കുന്നു. രാസലഹരി ഉള്‍പ്പെടെ സ്ത്രീകള്‍ ഒളിപ്പിച്ചു കടത്തുന്നത് പിടികൂടാന്‍ പലപ്പോഴും കഴിയാതെ വരുന്നു. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ വേണമെന്നിരിക്കേ, അവരുടെ അസാന്നിധ്യം ലഹരിക്കടത്തുകാര്‍ക്ക് ഗുണമാകുന്നു.