തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹിക അകലം മറന്ന് റാലികളില്‍ ആയിരങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രചാരണങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കും ആയിരക്കണക്കിന് ആളുകളാണ് മാസ്‌ക്കില്ലാതെ കൃത്യമായ സാമൂഹിക അകലം പാലിക്കാതെ എത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത ചടങ്ങിലും സമാനമായ രീതിയില്‍ തന്നെയായിരുന്നു ആള്‍ക്കൂട്ട പ്രതികരണം. മന്ത്രിമാരുടെ പരിപാടികളിലും കൊവിഡ് നിയന്ത്രണമില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിപാടികളില്‍ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ നിരത്തില്‍ ഇറങ്ങുന്നതിനാല്‍ ഏപ്രില്‍ പകുതിക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല് പറഞ്ഞു. ഏപ്രിലില്‍ തന്നെ പരമാവധി ആളുകള്‍ വാക്‌സിനേറ്റ് ചെയ്യണമെന്നും അഷീല്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.