തിരുവനന്തപുരം : അമേരിക്കൻ കമ്പനി ഇ.എം.സി.സി.ക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ചേർത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ്പാർക്കിൽ ഭക്ഷ്യസംസ്കരണ യൂണിറ്റിന് നാലേക്കർ അനുവദിച്ചതിൽ തുടർനടപടിയുണ്ടാകില്ല. ഫെബ്രുവരി മൂന്നിനാണ് സ്ഥലം അനുവദിച്ച് കത്തുനൽകിയത്. ഏക്കറിന് 1.37 കോടിവെച്ച് 5.49 കോടിയാണ് കമ്പനി അടയ്ക്കേണ്ടത്. ഇ.എം.സി.സി. പണമടയ്ക്കാൻ സന്നദ്ധമായാൽ മാത്രമേ തുടർനടപടി സ്വീകരിക്കേണ്ടതുള്ളൂ.
കമ്പനിക്കു നൽകിയ അലോട്ട്‌മെന്റ് ലെറ്റർ റദ്ദാക്കേണ്ടതില്ലെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം. ഇ.എം.സി.സി.യുമായുള്ള മറ്റു കരാറുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പണമടയ്ക്കാൻ സന്നദ്ധമായാലും സ്വീകരിക്കാനിടയില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ സർക്കാരിനെ അറിയിക്കാൻ കെ.എസ്.ഐ.ഡി.സി.ക്ക് സർക്കാർ നിർദേശം നൽകി. മത്സ്യമേഖലയിലെ 5000 കോടിയുടെ നിക്ഷേപത്തിന് കെ.എസ്.ഐ.ഡി.സി.യും ഇ.എം.സി.സി.യുമായി ഒപ്പിട്ട ധാരണാപത്രവും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഒപ്പിട്ട 2950 കോടിയുടെ ട്രോളർ നിർമാണ കരാറും സർക്കാർ റദ്ദാക്കിയിരുന്നു.
ഇ.എം.സി.സി. സമർപ്പിച്ച മൂന്ന് പദ്ധതികളിൽ ഭക്ഷ്യ പാർക്കിന്റേതു മാത്രമാണ് സ്വീകാര്യമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ആഴക്കടൽ മത്സ്യബന്ധനവുമായി ഭക്ഷ്യസംസ്കരണ യൂണിറ്റിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ട്രോളർ നിർമാണക്കരാറിൽനിന്നു സർക്കാർ പിന്മാറിയതിനാൽ ഭക്ഷ്യസംസ്കരണ യൂണിറ്റിന്റെ കാര്യത്തിൽ ഇ.എം.സി.സി.യും താത്പര്യം കാണിക്കാനിടയില്ല. തദ്ദേശീയമായി നിർമിക്കുന്ന ട്രോളറുകളിൽ പിടിക്കുന്ന മത്സ്യം സംസ്കരിക്കാനാണ് പള്ളിപ്പുറത്തെ യൂണിറ്റിലൂടെ ഇ.എം.സി.സി. ലക്ഷ്യമിട്ടത്.