കൊല്ലം : കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാല ഇന്ന് നിലവിൽ വരും. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ തീരത്താണ് സർവ്വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം. വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല ഉദ്ഘാടനം ചെയ്യും. അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിൻ്റെ പേരിലാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാല പ്രവർത്തനമാരംഭിക്കുന്നത്. ഇതോടെ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ എന്നീ സർവ്വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ഇവിടേക്ക് മാറും.
ഈ സർവ്വകലാശാലയുടെ വിദൂര പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവ്വകലാശാലയുടെ മേഖല കേന്ദ്രങ്ങളാക്കി മാറ്റും. നിലവിൽ വിദൂര പഠനം നടത്തുന്നവർക്ക് അവിടെത്തന്നെ പഠനം പൂർത്തിയാക്കാം. കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ കാവനാട് പാലം തുടങ്ങുന്ന സ്ഥലത്ത് അഷ്ടമുടി കായലിൻ്റെ തീരത്താണ് സർവ്വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം. ഈ അധ്യയന വർഷം മുതൽ ഉള്ള പ്രവേശനം പൂർണമായും ഓപ്പൺ സർവ്വകലാശാലയിൽ ആയിരിക്കും. മാനവിക വിഷയങ്ങൾക്കു പുറമേ സയൻസ് വിഷയങ്ങളിലും വിദൂര കോഴ്സുകൾ ഉണ്ടാവും. വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിക്കും.