കൊച്ചി : പെരിയാറില്‍ വെള്ളംകൂടുന്നു എന്തും സഭവിക്കാം; ആലുവയില്‍ കേരളത്തിന്റെ സ്വന്തം സൈന്യം ഇറങ്ങി. 2018ലെ പ്രളയത്തില്‍ നിരവധി ജീവനുകളെ കൈ പിടിച്ച് രക്ഷിച്ചതോടെയാണ് ‘കേരളത്തിന്റെ സൈന്യം’, കടലിനോട് മല്ലടിച്ച് അന്നം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളിക്ക് ഈ പേര് ചാര്‍ത്തി നല്‍കിയത്.
2018ലെ അത്രയും ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജീല്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളെ എത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നൊരുക്കം.
ഇടുക്കിയില്‍ നിന്നും എത്തുന്ന അധിക ജലം പെരിയാറിലൂടെ വൈകിട്ടോടെ ആലുവയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. 2018ല്‍ തുറന്ന് വിട്ടതിന്റെ പത്തിനൊന്ന് വെള്ളം മാത്രമാണ് ഇന്ന് ഇടുക്കിയില്‍ നിന്നും ഒഴുക്കി വിട്ടിട്ടുള്ളത്. അതിനാല്‍ തന്നെ അപകട സാദ്ധ്യതയില്ലെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
2018ലെ പ്രളയ സമയത്ത് വെള്ളം കയറിയ ആലുവയുടെ താഴ്ന്ന മേഖലകളില്‍ പത്ത് ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികള്‍ സജ്ജരായിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടെ എത്തും. ചെല്ലാനം, വൈപ്പിന്‍, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ എത്തിച്ചിരിക്കുന്നത്.
വെള്ളക്കെട്ട് ഉണ്ടാകുന്ന പക്ഷം ഞൊടിയിടയില്‍ ആളുകളെ ബോട്ടിലേറ്റി ഇവര്‍ രക്ഷപ്പെടുത്തും. ജീവന്‍ പണയപ്പെടുത്തിയും 2018ലെ മഹാപ്രളയത്തില്‍ നൂറ് കണക്കിന് പേരെ രക്ഷിച്ചതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം മത്സ്യത്തൊഴിലാളികള്‍ക്ക് ചാര്‍ത്തി നല്‍കിയത്. പിന്നീടും പലപ്പോഴും പ്രളയസാദ്ധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ സേവനം ഭരണകൂടം തേടിയിട്ടുണ്ട്.