പത്തനംതിട്ട : കാട്ടാനകളും വന്യമൃഗങ്ങളും ആഹാരംതേടി നാട്ടിലെത്താതിരിക്കാൻ വനം വകുപ്പിന്റെ പുതിയ പദ്ധതി. കാട്ടിനുള്ളിൽ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന അടവിക്കൊരു മധുരം പദ്ധതി ഏറെ ശ്രദ്ധനേടുന്നു. വന മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം അച്ചൻകോവിൽ ഡിവിഷനിൽ നടപ്പാക്കി.
വിശപ്പിന്റെ വേദനകൊണ്ട് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാനാണ് അടവിക്കൊരു മധുരം നടപ്പിലാക്കുന്നത്. പഴങ്ങൾ തേടി നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങൾക്ക് കാട്ടിൽതന്നെ അത് നൽകുവാനാണ് വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി ഇരുപത്തിഅയ്യായിരം ഫലവൃക്ഷ തൈകൾ കാട്ടിനുള്ളിൽ വെച്ചു പിടിപ്പിച്ചു. അച്ചൻകോവിൽ ഡി എഫ് ഒ സന്തോഷ് കുമാറിന്റെയും കല്ലാർ റേഞ്ച് ഓഫീസർ അരുണിന്റെയും നേതൃത്വത്തിലാണ് വൃക്ഷ തൈകൾ നട്ടത്.
നാട്ടുകാരുടേയും പഞ്ചായത്തിന്റെയും സഹായവും പദ്ധതിക്ക് പിന്നിലുണ്ട്. ഫലവൃക്ഷങ്ങൾക്കൊപ്പം മറ്റ് ഇരുപത്തി അഞ്ചിന മരത്തൈകളും നട്ടു. വന്യമൃഗങ്ങൾക്ക് കാട്ടിൽതന്നെ ആഹാരം ലഭിച്ചാൽ അവ നാട്ടിലേക്കിറങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ആദ്യഘട്ടം അച്ചൻകോവിൽ ഡിവിഷനിൽ നടപ്പാക്കിയെങ്കിലും സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് വനം വകുപ്പ് ഉദ്ദേശിക്കുന്നത്.