കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവാണ് സ്റ്റേ ചെയ്തത്. 2017 ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഫ്‌ളാറ്റില്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസില്‍ ജില്ലാ കോടതി ഉണ്ണി മുകുന്ദന് ജാമ്യം നല്‍കിയിരുന്നു. 2021 ല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. അതേസമയം, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍ പരാതി നല്‍കിയത്.