ന്യൂഡൽഹി : മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചതെന്ന് കേരളം ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ആണ് ഹർജി ഫയൽ ചെയ്തത്.
വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നിവർ നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തമവിശ്വാസത്തോടെ സ്വതന്ത്രമായി കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടർ ആണെന്നും കേരളം അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയ്ക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സ്പീക്കറുടെ മുൻകൂർ അനുമതി ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് അന്നത്തെ നിയമസഭ സെക്രട്ടറി കേസ് നൽകിയതെന്നും കേരളം ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കും.
കേരളത്തിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ എം.ആർ. രമേശ് ബാബുവാണ് ചെന്നിത്തലയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്. നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന തരത്തിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കരുതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
2015-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെയാണ് നിയമസഭയിൽ പ്രതിഷേധം അരങ്ങേറിയത്. കയ്യാങ്കളിയും പൊതുമുതൽ നശിപ്പിക്കുന്നത് അടക്കമുള്ള നിരവധി സംഭവങ്ങൾക്ക് നിയമസഭ അന്ന് സാക്ഷ്യം വഹിച്ചിരുന്നു.