തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ കേരള സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് 12 കോടി ലഭിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ നാട്ടിൽ നിന്നും സെയ്തലവിക്കായി ടിക്കറ്റെടുത്ത സുഹൃത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും കേരളക്കരയും. അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വർഷത്തെ തിരുവോണം ബമ്പറിലൂടെ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷം 103 കോടി രൂപയുടെ വരുമാനമായിരുന്നു ലഭിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനമാണ് (28% ജിഎസ്ടി കിഴിച്ച്) സർക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു. കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 44.10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടിപ്പിഴവ് കാരണം 20 ടിക്കറ്റുകൾ വിറ്റില്ല. ടിക്കറ്റ് വിൽപനയിലൂടെ 103 കോടി രൂപ മൊത്തം വരുമാനം കഴിഞ്ഞ വർഷം കിട്ടി. ഇതിൽ 23 കോടി രൂപയാണ് സർക്കാരിനു ലാഭമായി കിട്ടിയത്.