പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26ന് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിൽ എൻ.ജി.ഒ അസോസിയേഷനും സെറ്റോ ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകളും പങ്കെടുക്കില്ലെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ് എന്നിവർ അറിയിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നിലപാടുകൾ തന്നെയാണ് കേരള സർക്കാരും സ്വീകരിച്ചുവരുന്നത്. എന്നാൽ ഇത് കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സർക്കാരിനെതിരെ മാത്രം സമരം ചെയ്യാനാണ് ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും തയ്യാറായിരിക്കുന്നത് . ഇത് സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും അംഗീകരിക്കാനാവില്ല.
ശമ്പള പരിഷ്കരണം , ക്ഷാമബത്ത, എച്ച് ബി എ , പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടത് സർവീസ് സംഘടനകൾ മൗനം പാലിക്കുകയാണ്. കോവിഡിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ പണിമുടക്ക് നടത്താൻ അനുകൂലമായ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജീവനക്കാരുടെ യോജിച്ചുള്ള സമരം ജനുവരി മാസം ഉണ്ടാകുമെന്നും സുരേഷ് കുഴിവേലില്‍, അജിൻ ഐപ്പ് ജോർജ്ജ് എന്നിവർ പറഞ്ഞു.