പത്തനംതിട്ട : കോവിഡ് ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളെയും മാറ്റിമറിച്ചു. സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇക്കുറി തുടക്കം കുറിക്കുന്നത് ഹൈടെക് പ്രചാരണ വിദ്യ. സ്‌ഥാനാര്‍ഥി തൊഴുകൈകളോടെ വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും ചിരിതൂകുന്നു, ഒപ്പം അഭ്യര്‍ഥനയും. സ്‌ഥാനാര്‍ഥിയുടെ മഹത്വം വാഴ്‌ത്തിപാടാന്‍ പ്രത്യേക ഹൈടെക് സെല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ചിലര്‍ ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പുകളും സജ്‌ജമാക്കി. ഇനിയുള്ള ദിനങ്ങളില്‍ ഹൈടെക് പ്രചാരണ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള തത്രപാടിലാണ് സ്‌ഥാനാര്‍ഥികള്‍. വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥനയും നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് അഭ്യര്‍ഥന. തങ്ങളുടെ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയുടെ വരവ് അറിയിച്ച് അനുയായികള്‍ സ്‌ഥാനാര്‍ഥിയുടെ ചിത്രങ്ങളും ചിഹ്നനങ്ങളും സോഷ്യല്‍ മീഡിയകളില്‍ പോസ്‌റ്റ് ചെയ്‌തു തുടങ്ങി. കൊവിഡ് കാരണം ചിരിച്ചും കെട്ടിപിടിച്ചും സ്‌നേഹം പങ്ക് വച്ച് വോട്ട്‌നേടാന്‍ സാധിക്കില്ലെങ്കിലും പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായിരിക്കും ഇത്തവണ നടക്കുക.
ഗ്രാമപഞ്ചായത്തുകളില്‍ മിക്കയിടത്തും സ്‌ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തകര്‍ പണി തുടങ്ങി കഴിഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്‌സ് ബുക്ക് പേജുകള്‍ തുടങ്ങി സ്‌ഥാനാര്‍ഥിയെ വാഴ്‌ത്തിയും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയകള്‍ സജീവമായി കഴിഞ്ഞു. ഇതിനിടയില്‍ അണികള്‍ പരസ്‌പരം പോര്‍വിളിയും പാരവയ്‌പ്പും തുടങ്ങിയിട്ടുമുണ്ട്. കമന്റുകളിലാണ് മുന്നണികളുടെ ഊര്‍ജം മുഴുവന്‍. ട്രോളുകളും ഫോണ്‍ റിങ്‌ടോണുകളും സ്‌ഥാനാര്‍ഥിയുടെ പ്രസംഗവുമെല്ലാം ചിത്രവും തലക്കെട്ടും വീഡിയോയുമെല്ലാമായി ആഘോഷമാക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് വരെ മൊബൈലും നെറ്റുമുള്ള സ്‌ഥിതിക്ക് പോസ്‌റ്ററുകള്‍ അടിച്ച് നാട് മഴുവന്‍ ഒട്ടിക്കേണ്ട ആവശ്യം പോലുമില്ലെന്നാണ് സ്‌ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം.
കോവിഡ് കാരണം ശക്‌തിപ്രകടനങ്ങളും ഉണ്ടാകില്ല. സീറ്റ് നിലനിര്‍ത്താനും പിടിച്ചെടുക്കാനും നഷ്‌ടപ്പെടുത്താതിരിക്കാനും മുന്നണികള്‍ മത്സരിച്ച് അണിയറയില്‍ പദ്ധതികള്‍ തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ .പഞ്ചായത്തിലും പ്രകടനപത്രികകള്‍ക്കും രൂപം നല്‍കി വരികയാണ്. പ്രവര്‍ത്തന പരിചയമുള്ള നേതാക്കള്‍ക്കാണ് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കും പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. യുവാക്കള്‍ അടങ്ങുന്ന പ്രത്യേക ടീമുകളാണ് ഇത് കൈകാര്യം ചെയ്യുന്നത് രണ്ട് ദിവസത്തിനകം മത്സരിക്കുന്ന സ്‌ഥാനാര്‍ഥികളുടെ പൂര്‍ണചിത്രം തെളിയും. മുന്നണികളിലെ ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ ചില പഞ്ചായത്തുകളില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ, ജില്ലാ പഞ്ചായത്ത് സീറ്റുകളെ സംബന്ധിച്ച് ഘടകകക്ഷികളായി ധാരണയില്‍ എത്തിയിട്ടില്ല. ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെ ഗ്രാമ പഞ്ചായത്ത് തലത്തില്‍ ചിത്രം തെളിഞ്ഞ് വരുകയാണ്. ഗ്രാമ പഞ്ചായത്തുകളില്‍ ഇതുവരെ ധാരണയായ സ്‌ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്കും പൊതു സമ്മതര്‍ക്കുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. വിമതശല്യം ഇത്തവണ തീരെ ഉണ്ടാകില്ലെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. മുമ്പൊക്കെ യു.ഡി.എഫിനെയാണ് വിമതര്‍ കൂടുതലും അലട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. വിമതര്‍ക്ക് പിന്തുണ നല്‍കിയാല്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും കോണ്‍ഗ്രസിന്റെ സംസ്‌ഥാന നേതാക്കള്‍ വ്യക്‌തമാക്കി കഴിഞ്ഞു.
പല വാര്‍ഡുകളിലും ഭിന്നതയില്ലാതെ പൊതു സമ്മതരായ സ്‌ഥാനാര്‍ഥികളെയാണ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ഒരു പഞ്ചായത്തുപോലും നഷ്‌ടപ്പെടാതിരിക്കാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമം. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാനാണ് എല്‍.ഡി.എഫ്. നോക്കുന്നത്. കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പിയുമുണ്ട്.