തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ കാത്തുനിന്നിരുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ മുങ്ങി. ഒരുകോടി രൂപ ചെവഴിച്ചാണ് ഈ റോബോട്ടിനെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ പൂമുഖത്ത് സ്ഥാപിച്ചത്. പോലീസ് ആസ്ഥാനത് എത്തുന്നവരെ സ്വീകരിച്ച് അവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ കഴിവുള്ളതായിരുന്നു കെപി-ബോട്ട് റോബോട്ട് എന്ന പേരിലുള്ള ഈ ഹ്യൂമനോയ്‍ഡ്‍ റോബോട്ട്. 2019 ഫെബ്രുവരി 19 ന് ഇതിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കുഞ്ഞപ്പന്‍ അവിടെനിന്നും മുങ്ങി. പൂമുഖത്ത് കാണാനില്ല.
ഇത് സംബന്ധിച്ച അന്വേഷണത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സൈബര്‍ ഡോമിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നും സോഫ്റ്റ്‌വെയര്‍ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും മറുപടി ലഭിച്ചു. മാസങ്ങളായി സോഫ്റ്റ്‌വെയര്‍ നിറച്ചിട്ടും കുഞ്ഞപ്പന്റെ വയറു നിറഞ്ഞില്ലെന്ന് സാരം. എന്നാല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ഗുരുതരമായ രോഗമാണെന്നും രക്ഷപെടാന്‍ സാധ്യതയില്ലെന്നുമാണ് രഹസ്യ വിവരം. ഒരു കോടി മുടക്കി വാങ്ങിയ കുഞ്ഞപ്പന്റെ ജീവന്‍ മാസങ്ങള്‍ക്ക് മുമ്പേ നഷ്ടപ്പെട്ടുവെന്നും പറയുന്നു. എന്തായാലും കുഞ്ഞപ്പനെ ആരും കാണാതെ മാറ്റിയിരിക്കുകയാണ്. ഒരുകോടി രൂപ പോയ വഴിയെക്കുറിച്ച് ആലോചിച്ചിട്ടും കാര്യമില്ല.
പോലീസ് സേനയില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ട് എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നത്. കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് കമ്പിനിയായ അസിമോവ് റോബോട്ടിക്‌സാണ് കുഞ്ഞപ്പനെ നിര്‍മ്മിച്ചു നല്‍കിയത്. കേരള പോലീസില്‍ റോബോട്ട് എത്തിയതോടെ ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ ഇടംപിടിച്ചുവെന്നും ലോകത്ത് നാല് രാജ്യങ്ങളിലെ പോലീസ് സേനകളില്‍ മാത്രമേ ഇപ്പോള്‍ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും കേരള സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
എന്തായിരുന്നാലും ഓരോ പരിഷ്ക്കാരങ്ങളിലൂടെയും നഷ്ടപ്പെടുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്. കോടികള്‍ ചിലവഴിച്ചു വാങ്ങുന്നവക്ക് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടത്തിന്റെ അത്ര ആയുസ്സുപോലും ഇല്ലെന്നത് ഏറെ ഗൌരവത്തോടെ കാണണം. ഉത്ഘാടന ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ഇവയൊക്കെ യുസ് ആന്‍ഡ് ത്രോ വിഭാഗത്തിലാണ്. ഉല്പന്നം വാങ്ങുന്നവര്‍ക്കും അത് നല്‍കുന്നവര്‍ക്കും ഇവിടെ ഒരു ബാധ്യതയുമില്ല. തകരാര്‍ സംഭവിച്ചാല്‍ അത് ഉപേക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രവണത. ഒരുകോടിയുടെ ഈ റോബോട്ടിന്റെ ഇപ്പോഴുള്ള അവസ്ഥ വെളിപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറാകണം.