കൊച്ചി: പാസ്പോര്‍ട്ടിനായി പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പോലീസ് വെരിഫിക്കേഷനു ശേഷം മാത്രമാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നത്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തില്‍ അറിയിച്ചത്. വെരിഫിക്കേഷന്‍ നടപടികളുടെ കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പോലീസ് വ്യക്തമാക്കി.
പാസ്പോര്‍ട്ടിനായി അപേക്ഷകര്‍ നല്‍കിയ വിശദാംശങ്ങളുടെ പരിശോധന നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപേക്ഷകരുടെ ക്രിമിനല്‍ പശ്ചാത്തല പരിശോധനകളാണ് പോലീസ് വെരിഫിക്കേഷനില്‍ പ്രധാനമായി ഉള്‍പ്പെടുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസ്, പാസ്പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. സാധാരണയായി രണ്ടു തരത്തിലാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ വിശദീകരിക്കുന്നു. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ രണ്ടു റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്ന് പോലീസ് വെരിഫിക്കേഷന്റെ രീതി വിശദീകരിച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പില്‍ കേരള പോലീസ് പറയുന്നു. അപേക്ഷകനെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമായതിനാല്‍ പാസ്പോര്‍ട്ട് അനുവദിക്കാമെന്ന ശുപാര്‍ശയാണ് റെക്കമെന്റഡ് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലമോ ക്രിമിനല്‍ കേസ് വിവരങ്ങളോ വെളിവായാല്‍ നോട്ട് റെക്കമെന്റഡ് റിപ്പോര്‍ട്ട് ആയിരിക്കും പോലീസ് നല്‍കുക. പാസ്പോര്‍ട്ട് വീണ്ടും അനുവദിക്കുന്നതിനും പോലീസ് വെരിഫിക്കേഷനുണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു.