തിരുവനന്തപുരം : അയ്യപ്പ ഭക്തന്‍റെ തല ശബരിമല പോലീസ് അടിച്ചു തകര്‍ത്തെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പോലീസ്. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് ശബരിമല പോലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യല്‍മീഡിയകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ഭക്തരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്‌സിലൂടെ ആവശ്യപ്പെട്ടു.