തിരുവനന്തപുരം: തുടർച്ചയായുള്ള ആരോപണങ്ങളിലും പ്രതിപക്ഷപ്രതിഷേധത്തിലും കേരളരാഷ്ട്രീയം തിളയ്ക്കുമ്പോൾ മൗനം ആയുധമാക്കി മുഖ്യമന്ത്രിയും സി.പി.എമ്മും. ആര്‍.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറും ലോക്‌സഭാ തിരഞ്ഞെടുപ്പുഘട്ടത്തിൽ തൃശ്ശൂരില്‍ കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതര ആരോപണമുയർന്ന് രണ്ടാംദിനവും ഭരണകേന്ദ്രങ്ങളിൽനിന്ന് പ്രതികരണമുണ്ടായില്ല. ഉണ്ടയില്ലാവെടിയെന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞതല്ലാതെ കാര്യമായ പ്രതിരോധത്തിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ മറ്റുനേതാക്കളോ തയ്യാറാകാതെവന്നതോടുകൂടി സി.പി.എം.-ബി.ജെ.പി. ഡീലെന്ന പ്രതിപക്ഷ ആരോപണത്തിന് മൂർച്ചകൂടി.
വ്യാഴാഴ്ച സെക്രട്ടേറിയറ്റിലേക്കുനടന്ന യൂത്ത് കോൺഗ്രസ് മാർച്ച് വൻസംഘർഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച തലസ്ഥാനത്തടക്കം വൻപ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി.യും പ്രഖ്യാപിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ കുടുങ്ങിയ അജിത്കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല, ബി.ജെ.പി. നേതാക്കളും രംഗത്തുണ്ടെന്ന പ്രചാരണം ശക്തമാണ്. ഭരണപക്ഷ എം.എൽ.എ.യായ പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് തുടങ്ങിയ ആരോപണക്കുത്തൊഴുക്കാണ് മുഖ്യമന്ത്രിയെയും പാർട്ടിയെയും മൗനത്തിലാക്കിയത്. അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുതന്നെയും പ്രഹരമായിട്ടും ഒരു വിശദീകരണവും അദ്ദേഹത്തില്‍നിന്നുണ്ടായിട്ടില്ല.